അമിതാഭ് ബച്ചനെയും കടത്തിവെട്ടി ടിവി പരസ്യങ്ങളില്‍ തിളങ്ങി അക്ഷയ് കുമാര്‍

ജനുവരി-മാര്‍ച്ച് കാലയളവില്‍ ടിവിയിലെ പരസ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എത്തിയ താരമായി അക്ഷയ് കുമാര്‍. 9 ശതമാനം പരസ്യ വിഹിതവുമായി അക്ഷയ് കുമാര്‍ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ 6 ശതമാനത്തോടെ അമിതാഭ് ബച്ചനും 5 ശതമാനത്തോടെ വിദ്യാ ബാലനും പിന്നാലെയുണ്ടെന്ന് ദി ഹിന്ദു ബിസിനസ്ലൈന്‍ റിപ്പോര്‍ട്ട്.

ഹിന്ദി ചലച്ചിത്രരംഗത്തെ ആക്ഷന്‍ ഹീറോയണ് അക്ഷയ് കുമാര്‍. ഖിലാഡി, മോഹ്ര, സബ്‌സെ ബഡ ഖിലാഡി, ധഡ്കന്‍ തുടങ്ങി 100 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2001 ല്‍ അഭിനയിച്ച 'അജ്‌നബീ' എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2009-ല്‍ ഭാരതസര്‍ക്കാറിന്റെ പത്മശ്രീ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പരസ്യ ബ്രാന്‍ഡുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 37 ബ്രാന്‍ഡുകളോടെ മുന്നില്‍ നില്‍ക്കുന്നത് അമിതാഭ് ബച്ചനാണ്. 27 ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. ഷാരൂഖ് ഖാന്‍, ഭൂമി പഡ്നേക്കര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, അനുഷ്‌ക ശര്‍മ്മ, രണ്‍വീര്‍ സിംഗ്, തപസി പന്നു എന്നിവര്‍ ഈ പട്ടികയിലെ ആദ്യ 10 ല്‍ ഇടം നേടിയ മറ്റ് താരങ്ങളാണ്.

മുന്നില്‍ സിനിമാ താരങ്ങള്‍

2022-23 മാര്‍ച്ച് പാദത്തില്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരസ്യങ്ങളുടെ 29 ശതമാനം വിഹിതവും സെലിബ്രിറ്റികള്‍ തന്നെയായിരുന്നു. കായിക താരങ്ങളെയും ടിവി താരങ്ങളെയും അപേക്ഷിച്ച് ടിവി പരസ്യങ്ങളുടെ ഉയര്‍ന്ന വിഹിതവുമായി സിനിമാ താരങ്ങള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. പരസ്യത്തിന്റെ 80 ശതമാനത്തിലധികവും സിനിമാ താരങ്ങളായിരുന്നു. അത്‌ലറ്റുകള്‍ 9 ശതമാനവും ടിവി താരങ്ങള്‍ 6 ശതമാനവുമാണ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരസ്യങ്ങളിലെത്തിയത്.

ഭക്ഷണം, പേഴ്‌സണല്‍ കെയര്‍, ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട പരസ്യങ്ങളിലാണ് താരങ്ങളെ കൂടുതലായി കണുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ ടോയ്ലറ്റ്, ഫ്ളോര്‍ ക്ലീനര്‍, സോപ്പുകള്‍, ശീതളപാനീയങ്ങള്‍, പാന്‍ മസാല, ഹെയര്‍ ഡൈ,എനര്‍ജി ഡ്രിങ്കുകള്‍,ഗെയിമിംഗ തുടങ്ങി വിവിധ ഉത്പ്പന്നങ്ങലുടെ പരസ്യങ്ങളിലും സെലിബ്രിറ്റികളുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it