ജുവലറികളില്‍ അക്ഷയതൃതീയ തിരക്ക്, 24 മണിക്കൂറില്‍ സ്വര്‍ണ വില്പന 1,000 കോടി കടന്നേക്കും! ഇന്നത്തെ അവസ്ഥയെന്ത്?

ജുവലറികള്‍ അക്ഷയതൃതീയ ലക്ഷ്യമിട്ട് വലിയ പരസ്യങ്ങളാണ് ചെയ്യുന്നത്. ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്
akshaya tritiya
Published on

സംസ്ഥാനത്ത് ജുവലറികളില്‍ അക്ഷയതൃതീയ (akshaya tritiya) വില്പന പൊടിപൊടിക്കുന്നു. മിക്കയിടങ്ങളിലും അക്ഷയതൃതീയയോട് അനുബന്ധിച്ച് പ്രത്യേക വ്യാപാരമാണ് നടക്കുന്നത്. രാവിലെ എട്ടുമണിയോടെ തന്നെ ജുവലറികള്‍ തുറന്നു. മിക്കയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

സ്വര്‍ണത്തിന്റെ വില ഇന്ന് കൂടാതിരുന്നതും വ്യാപാരത്തിന് ഊര്‍ജ്ജമായിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന് 8,980 രൂപയാണ് ഇന്നത്തെ വില. പവന്‍ വില 71,840 രൂപയും. വെള്ളിവില 109 രൂപയില്‍ തുടരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,395 രൂപയാണ്.

സ്വര്‍ണവ്യാപാരത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയതൃതീയ. സര്‍വൈശ്വര്യത്തിന്റെ ദിനമായി വിശ്വാസികള്‍ കണക്കാക്കപ്പെടുന്ന ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഏറെ ശുഭകരമായി വിശ്വാസികള്‍ കരുതുന്നു. അത് കൊണ്ട് തന്നെ സ്വര്‍ണത്തെ സംബന്ധിച്ച് വലിയ ബിസിനസ് നടക്കുന്ന ദിനം കൂടിയാണ് ഇത്.

ആയിരം കോടിക്കു മേല്‍ വില്പന

ഇത്തവണ അക്ഷയതൃതീയ വില്പന മോശമാക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില കൂടിയാണ് നില്‍ക്കുന്നതെങ്കിലും ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇത്തരം ഉപയോക്താക്കള്‍ വില കൂടിയാലും അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങല്‍ മുടക്കാത്തവരാണ്. സാധാരണ ദിവസങ്ങളില്‍ കേരളത്തിലെ സ്വര്‍ണ വില്പന 200-300 കോടിക്ക് അടുത്താണ്. അക്ഷയതൃതീയ ദിനത്തില്‍ ഇത് 1,000 കോടിക്ക് മുകളിലും.

ജുവലറികള്‍ അക്ഷയതൃതീയ ലക്ഷ്യമിട്ട് വലിയ പരസ്യങ്ങളാണ് ചെയ്യുന്നത്. ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വില്പനയില്‍ 20 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. വില കൂടിയതിനാല്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ വലിയ വര്‍ധനയുണ്ടായേക്കില്ല. എന്നാല്‍ തുക ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Akshaya Tritiya triggers a gold rush in Kerala, with sales expected to cross ₹1,000 crore despite high prices

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com