Begin typing your search above and press return to search.
ഇന്റര്‍സിറ്റിക്ക് വേണ്ടി വടംവലിയുമായി ആലപ്പുഴക്കാരും കോട്ടയംകാരും; യാത്രക്കാരുടെ സംഘടനകള്‍ തമ്മില്‍ നിവേദനപ്പോര്!
രാവിലെയും വൈകിട്ടുമുള്ള ട്രെയിനുകളിലെ കനത്ത തിരക്കുമൂലം ആലപ്പുഴക്കാരും കോട്ടയംകാരും നേരിടുന്ന യാത്രാക്ലേശം കാലങ്ങളായി തുടരുന്നതാണ്. പല ട്രെയിനുകളുടെയും സര്‍വീസ് നീട്ടണമെന്നും സമയക്രമം മാറ്റണമെന്നും പുതിയ ട്രെയിനുകള്‍ വേണമെന്നുള്ള ആവശ്യങ്ങളും നിരന്തരം ഉയരാറുമുണ്ട്.
ഇപ്പോഴിതാ ബംഗളൂരു-എറണാകുളം ജംഗ്ഷന്‍ ഇന്റര്‍സിറ്റിക്കായി (12677/78) നിവേദനപ്പോരുമായി ഇറങ്ങിയിരിക്കുകയാണ് കോട്ടയത്തേക്കും ആലപ്പുഴയിലേക്കുമുള്ള യാത്രക്കാരുടെ സംഘടനകള്‍. ട്രെയിന്‍ ആലപ്പുഴയ്ക്ക് നീട്ടണമെന്ന് യാത്രക്കാരുടെ ഒരു സംഘടനയായ തിരുക്കൊച്ചി റെയില്‍ കമ്മ്യൂട്ടേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ട്രെയിന്‍ കോട്ടയത്തേക്ക് നീട്ടണമെന്നാണ് ഈ ഭാഗത്തേക്കുള്ള ഒരുകൂട്ടം യാത്രക്കാരുടെ ആവശ്യം.
കോട്ടയത്തേക്ക് നീട്ടിയാല്‍
നിലവില്‍ രാവിലെ പാലരുവി എക്‌സ്പ്രസ് കഴിഞ്ഞാല്‍ കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് ഒന്നരമണിക്കൂര്‍ നേരത്തേക്ക് ട്രെയിനുകളില്ല. ഇതുമൂലം വേണാട്, പാലരുവി എക്‌സ്പ്രസുകളില്‍ കനത്ത തിരിക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ വന്ദേഭാരതിന് ശേഷം 7.45ന് കോട്ടയത്തുനിന്ന് പുറപ്പെടുംവിധം ബംഗളൂരു ഇന്റര്‍സിറ്റിയുടെ സര്‍വീസ് നീട്ടിയാല്‍ യാത്രാക്ലേശം ഒരുപരിധിവരെ പരിഹരിക്കാമെന്നാണ് ഈ ഭാഗത്തേക്കുള്ള ഒരുവിഭാഗം യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതുപോലെ, വൈകിട്ട് 4.40ന് എറണാകുളം ടൗണില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്നവിധവും സമയക്രമം മാറ്റണം. ഇത് വേണാട് എക്‌സ്പ്രസിലെ തിരക്ക് കുറയ്ക്കാനും സഹായിക്കും. തൃപ്പൂണിത്തുറയില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്താല്‍ റെയില്‍വേക്ക് കൂടുതല്‍ ടിക്കറ്റ് വരുമാനവും ഉറപ്പിക്കാം. ട്രെയിനിനെ കൈകാര്യം ചെയ്യാന്‍ കോട്ടയത്ത് പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടെന്നും അവര്‍ പറയുന്നു.
ആലപ്പുഴക്കാരുടെ ആവശ്യം
രാവിലെ ആലപ്പുഴ-ധന്‍ബാദ്, മംഗാലാപുരം ഏറനാട് എക്‌സ്പ്രസ്, ആലപ്പുഴ-എറണാകുളം മെമു എന്നിവ കഴിഞ്ഞാല്‍ ആലപ്പുഴയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് ട്രെയിനുകളില്ലെന്നത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നതെന്ന് തിരുക്കൊച്ചി റെയില്‍ കമ്മ്യൂട്ടേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഈ ട്രെയിനുകളിലെല്ലാം കനത്ത തിരക്കാണ് എന്നും. ഇവയ്ക്ക് ശേഷം രണ്ട് മണിക്കൂര്‍ നേരത്തേക്ക് പിന്നീട് ട്രെയിനുകളില്ല. ജനശതാബ്ദിയുണ്ടെങ്കിലും സാധാരണക്കാരന് ആശ്രയിക്കാനാവില്ലെന്ന് സംഘടന പറയുന്നു.
ജനശതാബ്ദിക്ക് മുമ്പ് ആലപ്പുഴയില്‍ നിന്ന് രാവിലെ 7.45ന് പുറപ്പെടുംവിധം ബംഗളൂരു ഇന്റര്‍സിറ്റിയുടെ സര്‍വീസ് നീട്ടിയാല്‍ യാത്രാക്ലേശം പരിഹരിക്കാം. വൈകിട്ട് 4.40ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടുംവിധവും ബംഗളൂരു ഇന്റര്‍സിറ്റിയുടെ സമയക്രമം പരിഷ്‌കരിച്ചാല്‍ ഏറനാട് എക്‌സ്പ്രസിലെ തിരക്കിനും പരിഹാരമാകും. ആലപ്പുഴയില്‍ ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പിറ്റ്‌ലൈന്‍ ഉണ്ടെന്നതും സര്‍വീസ് നീട്ടാന്‍ അനുകൂലമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
എന്താകും ക്ലൈമാക്‌സ്?
ബംഗളൂരു ഇന്റര്‍സിറ്റിയുടെ സര്‍വീസ് ആലപ്പുഴയ്‌ക്കോ കോട്ടയത്തിനോ നീട്ടണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് റെയില്‍വേ ബോര്‍ഡാണ്. ഇതിനായി ജനപ്രതിനിധികള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് യാത്രക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. കോട്ടയം ഭാഗത്തേക്ക് വേണ്ടത് ഇന്റര്‍സിറ്റി അല്ലെന്നും ഒരു പുതിയ മെമു സര്‍വീസ് ആണെന്നുമുള്ള ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ.
Next Story
Videos