
രാജ്യത്തെ മദ്യവിപണിക്ക് മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ വലിയ കുതിപ്പ്. വില്പനയിലും ലാഭത്തിലും വലിയ നേട്ടം കൊയ്യാന്‍ ഈ പാദത്തില്‍ കമ്പനികള്‍ക്കായി. പ്രീമിയം ബ്രാന്‍ഡുകളിലേക്കുള്ള ഉപയോക്താക്കളുടെ മാറ്റം, മാര്‍ജിന്‍ വര്‍ധന എന്നിവയെല്ലാം മേഖലയ്ക്ക് ഗുണമായി.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വലിയ വളര്‍ച്ചയാണ് നേടുന്നത്. സാധാരണ ബ്രാന്‍ഡുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് ഈ വിഭാഗത്തില്‍ വളര്‍ച്ച. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനയും സാമൂഹികമായ മാറ്റങ്ങളുമാണ് പ്രീമിയം വിഭാഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം.
ആഗോളതലത്തില്‍ ബിയറിനുള്ള പ്രിയം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നേരെ മറിച്ചാണ്. കേരളത്തില്‍ ഉള്‍പ്പെടെ ബിയര്‍ വില്പന താഴേക്കാണ്. 2023-25 കാലഘട്ടത്തില്‍ ബിയര്‍ വില്പനയില്‍ പത്തുലക്ഷം കെയ്‌സിന്റെ കുറവാണുണ്ടായത്. ഉപയോക്താക്കള്‍ പ്രീമിയം ബ്രാന്‍ഡുകളിലേക്ക് മാറിയത് ബിയറിനും ദോഷം ചെയ്തു.
ബിയറിനോടുള്ള പ്രിയം പല രാജ്യങ്ങളിലും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജര്‍മനിയിലും ബിയര്‍ വില്പനയില്‍ കുറവു വന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു വില്പന.
പ്രമുഖ മദ്യനിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് നാലാംപാദത്തില്‍ 421 കോടി രൂപയുടെ ലാഭം നേടി. മുന്‍ വര്‍ഷം സമാനപാദത്തിലെ 241 കോടിയുമായി തട്ടിച്ചു നോക്കുമ്പോള്‍ 74.69 ശതമാനത്തിന്റേതാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 2,783 കോടി രൂപയായിരുന്നു വില്പനയെങ്കില്‍ ഇത്തവണയത് 3,031 കോടി രൂപയായി.
യുണൈറ്റഡ് ബ്രീവറീസ് ലിമിറ്റഡിന്റെ വരുമാനത്തിലും ലാഭത്തിലും ഇത്തവണ വര്‍ധനയുണ്ട്. മുന്‍ വര്‍ഷത്തെ 82 കോടി രൂപയുടെ ലാഭത്തില്‍ നിന്ന് 98 കോടിയായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 2 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ അലൈഡ് ബ്ലെന്‍ഡേഴ്‌സ് ഇത്തവണ 79 കോടി ലാഭം നേടി. വരുമാനം 768 കോടിയില്‍ നിന്ന് 921 കോടിയായി ഉയര്‍ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine