

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച്, ചൈനയുടെ വമ്പന്‍ ടെക്‌നോളജി കമ്പനിയായ ആലിബാബ ഗ്രൂപ്പ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയടക്കമുള്ള ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്നതുള്‍പ്പടെ കടുത്ത നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആലിബാബ ഗ്രൂപ്പിന്റെ തീരുമാനം.
വിദേശ നിക്ഷേപകരെ തേടുന്ന രാജ്യത്തെ വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരിച്ചടിയാകും ഈ തീരുമാനം. ഇക്കഴിഞ്ഞ ജനുവരിയില്‍ സൊമാറ്റോയ്ക്ക് 150 മില്യണ്‍ ഡോളര്‍ നിക്ഷേപ വാഗ്ദാനം ആലിബാബ ഗ്രൂപ്പിനു കീഴിലുള്ള ആന്റ് ഫിനാന്‍ഷ്യലില്‍ നിന്ന് ലഭിച്ചിരുന്നു.
ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ 166 മില്യണ്‍ ഡോളറാണ് വിവിധ ചൈനീസ് നിക്ഷേപകര്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 197 മില്യണ്‍ ഡോളറായിരുന്നു നിക്ഷേപം. കഴിഞ്ഞ വര്‍ഷം 641 മില്യണ്‍ ഡോളറാണ് ചൈനീസ് നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിരുന്നത്.
വിദേശത്തു നിന്ന് നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) സംബന്ധിച്ച നയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റം ഏപ്രില്‍ മുതലാണ് പ്രാബല്യത്തില്‍ വന്നത്. ചൈനീസ് നിക്ഷേപകരെ നിയന്ത്രിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ഇതേ തുടര്‍ന്ന് പല ചൈനീസ് നിക്ഷേപകരും ഇന്ത്യയിലെ നിക്ഷേപം നിര്‍ത്തി വെച്ചിരുന്നു.
ഹുറൂണ്‍ ഇന്ത്യ ടോപ്പ് യൂണികോണ്‍ ഇന്‍വെസ്‌റ്റേഴ്‌സ് 2020 റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സ്റ്റാര്‍ട്ടുപ്പുകളില്‍ നിക്ഷേപം നടത്തിയ ചൈനീസ് കമ്പനികളില്‍ ചൈനയുടെ ആലിബാബയും ടെന്‍സെന്റും മുന്‍നിരയിലുണ്ട്. പേടിഎം, പേടിഎം മാള്‍, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നിവയിലാണ് ആലിബാബ നിക്ഷേപം നടത്തിയിരിക്കുന്നത്. ടെന്‍സെന്റ് ആകട്ടെ, ബൈജൂസ്, സ്വിഗ്ഗി, ഫാന്റസി ഗെയ്മിംഗ് കമ്പനിയായ ഡ്രീം 11 എന്നിവയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine