മറ്റൊരു 'ടൈറ്റാനിക്' ദുരന്തം: 5 പേര്‍ ആഴക്കടലില്‍ മരിച്ചു
അതിജീവനത്തിന്റെ വാര്‍ത്ത പ്രതീക്ഷിച്ചുള്ള ലോകത്തിന്റെ കാത്തിരിപ്പ് വിഫലമാക്കിക്കൊണ്ട് 'ടൈറ്റന്‍' (Titan) മുങ്ങിക്കപ്പലിലെ (submersible) അഞ്ചുപേരും മരിച്ചതായി സ്ഥരീകരിച്ച് യു.എസ് കോസ്റ്റ് ഗാര്‍ഡ്. ടൈറ്റന്‍ അകത്തേക്ക് പൊട്ടിത്തെറിച്ചാണ് (catastrophic implosion) അഞ്ചുപേരും മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.
അഞ്ച് പേര്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ ജൂണ്‍ 18 നാണ് അഞ്ചുപേരുമായി 'ടൈറ്റന്‍' മുങ്ങിക്കപ്പല്‍ യാത്ര ആരംഭിച്ചത്. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്‌പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് ഇതിലുണ്ടായിരുന്നവര്‍.
ഇവരുമായി പോയ ടൈറ്റന് സമുദ്രോപരിതലത്തില്‍ ഉണ്ടായിരുന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത് യാത്ര തുടങ്ങി ഒരു മണിക്കൂര്‍ 45 മിനിട്ടിനകമായിരുന്നു. എന്നാല്‍ കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടശേഷം ടൈറ്റനില്‍നിന്ന് ഒരു സൂചനകളും ലഭിച്ചില്ല. അറ്റ്ലാന്റിക് സമുദ്ര നിരപ്പില്‍ നിന്നും 3.8 കിലോമീറ്റര്‍ ആഴത്തില്‍ കിടക്കുന്ന ടൈറ്റാനിക് അവശിഷ്ടം കാണാന്‍ എട്ടുദിവസത്തെ പര്യടനത്തിന് ഒരാളില്‍ നിന്ന് രണ്ടരലക്ഷം ഡോളറാണ് ഓഷന്‍ഗേറ്റ് ഈടാക്കിയത്.
ടൈറ്റന്‍
യു.എസ്. ആസ്ഥാനമായുള്ള ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സ് സമുദ്രപര്യവേക്ഷണത്തിനായി കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിര്‍മിച്ചതായിരുന്നു 6.7 മീറ്റര്‍ നീളമുള്ള 'ടൈറ്റന്‍' എന്ന മുങ്ങിക്കപ്പല്‍. പൈലറ്റിന് പുറമെ നാല് യാത്രക്കാര്‍ക്കുകൂടി ഇതില്‍ സഞ്ചരിക്കാന്‍ കഴിയും ഇതിന് പരമാവധി 4000 മീറ്റര്‍ ആഴത്തില്‍വരെയാണ് പോകാനാകും.മണിക്കൂറില്‍ 5.6 കിലോമീറ്റര്‍വേഗം. സാഹസികയാത്രികരെ ടൈറ്റാനിക് അവശിഷ്ടം കാണാന്‍ കൊണ്ടുപോകാനും കടലിനടിയിലെ സര്‍വേകള്‍ക്കും ഗവേഷണത്തിനും വിവരശേഖരണത്തിനും സിനിമാചിത്രീകരണത്തിനുമെല്ലാം ഉപയോഗിക്കാം.