വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍, സപ്ലൈകോ വില കുറച്ചതിന്റെ പ്രതിഫലനം പൊതുവിപണിയിലും

തമിഴ്‌നാട്ടില്‍ നിന്നുള്ള വെളിച്ചെണ്ണ വരവ് വര്‍ധിച്ചിട്ടുണ്ട്. ലഭ്യത കൂടുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിലയില്‍ നേരിയ കുറവ് പ്രതീക്ഷിക്കാമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു
coconut tree and oil
Published on

ഓണ വിപണി ലക്ഷ്യമിട്ട് പൊതുവിപണിയില്‍ അനിയന്ത്രിത വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. 550 കടന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സബ്‌സിഡി വര്‍ധിപ്പിച്ചു. ഒരു ലീറ്റര്‍ വെളിച്ചെണ്ണയ്ക്ക് 349 രൂപയും അരലീറ്ററിന് 179 രൂപയുമാണ് സപ്ലൈകോ ഈടാക്കുക. സബ്‌സിഡിയില്ലാതെ വെളിച്ചെണ്ണ വില സപ്ലൈകോയില്‍ 429 രൂപയാണ്. അരലീറ്ററിന് 219 രൂപയും.

പൊതുവിപണിയില്‍ വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നതോടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് വര്‍ധിച്ചിരുന്നു. വെളിച്ചെണ്ണ വാങ്ങാനെത്തുന്നവര്‍ മറ്റ് സാധനങ്ങള്‍ കൂടി വാങ്ങുന്നതിനാല്‍ വില്പനയും ഉയര്‍ന്നിട്ടുണ്ട്.

ഓണത്തിന് മുമ്പ് സബ്സിഡി നിരക്കില്‍ സപ്ലൈകോയില്‍ നിന്ന് രണ്ട്ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കും. ഓഗസ്റ്റില്‍ ഒരുലിറ്ററും സെപ്തംബറില്‍ ഒരുലിറ്ററുമാണ് നല്‍കുക. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത് ലഭിക്കും. വിപണിയിലെ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

വില കുറഞ്ഞേക്കും

സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകുന്നതോടെ പൊതുവിപണിയില്‍ വെളിച്ചെണ്ണ വില കുറയുമെന്നാണ് പ്രതീക്ഷ. വെളിച്ചെണ്ണ വില ഉയര്‍ന്നതോടെ പലരും പാമോയില്‍, സസ്യഎണ്ണ എന്നിവയിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. വന്‍കിട മാളുകളില്‍ അടക്കം വെളിച്ചെണ്ണ വില കുറച്ചു കൊണ്ടുള്ള മത്സരവും ദൃശ്യമാണ്. വരും ദിവസങ്ങളില്‍ വില കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള വെളിച്ചെണ്ണ വരവ് വര്‍ധിച്ചിട്ടുണ്ട്. ലഭ്യത കൂടുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിലയില്‍ നേരിയ കുറവ് പ്രതീക്ഷിക്കാമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. തേങ്ങ, കൊപ്ര ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ ഓയില്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ കേന്ദ്രസര്‍ക്കാരിന് കത്തുനല്കിയിട്ടുണ്ട്.

അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘടന. രാജ്യത്തുടനീളം 2,000ത്തിലധികം വെളിച്ചെണ്ണ അനുബന്ധ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന കമ്പനികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 400 എണ്ണവും കേരളത്തിലാണ്. ഈ സ്ഥാപനങ്ങളിലായി 25,000ത്തിലധികം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

Kerala government intervenes to control rising coconut oil prices ahead of Onam through subsidies and market monitoring

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com