Begin typing your search above and press return to search.
27 മുതല്‍ ഓഫറുകളുടെ പൊടിപൂരവുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും; ഇത്തവണ പണിപാളുമോയെന്ന് ആശങ്ക
പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വാര്‍ഷിക ഫ്‌ളാഗ്ഷിപ്പ് സെയില്‍ സെപ്റ്റംബര്‍ 27 മുതല്‍ തുടങ്ങും. പ്രൈം, വി.ഐ.പി, ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഔദ്യോഗിക വ്യാപാരം ആരംഭിക്കുന്നതിന് 24 മണിക്കൂറുമുമ്പ് ഓഫറുകള്‍ ലഭ്യമായിത്തുടങ്ങും. ഒക്ടോബര്‍ 6 വരെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡെയ്‌സ് ഓഫറുകള്‍ ലഭ്യമാവുക. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓഫറുകളാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ പേരില്‍ ആമസോണ്‍ ഒരുക്കുന്നത്. ഇതിന് പുറമെ മിന്ത്ര, മീഷോ എന്നിവരും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 30 വിഭാഗങ്ങളിലായി 1.2 കോടി ഉത്പന്നങ്ങളും 20 ലക്ഷം വ്യാപാരികളുമാണ് 27ന് തുടങ്ങുന്ന മീഷോ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലില്‍ ഭാഗമാകുന്നത്. 9,700 ബ്രാന്‍ഡഡ് ഉത്പന്നങ്ങളുമായി മിന്ത്രയുടെ ബിഗ് ഫാഷന്‍ ഫെസ്റ്റിവല്‍ 26ന് തുടങ്ങും. രാജ്യത്ത് ഉത്സവ സീസണിന്റെ വരവറിയിച്ചാണ് ഇ-കൊമേഴ്‌സ് സൈറ്റുകളുടെ ഗംഭീര ഓഫറുകള്‍.
നിര്‍മിത ബുദ്ധിയെ കൂട്ടുപിടിച്ച് ഫ്‌ളിപ്പ്
ഓഫര്‍ കാലത്തിന്റെ ഒരുക്കങ്ങള്‍ക്കായി 11 പുതിയ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ സ്ഥാപിച്ചതായി ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു. ഇതോടെ രാജ്യത്തെ ഫുള്‍ഫില്‍മെന്റ് സെന്ററുകളുടെ എണ്ണം 83ആയി. ഓര്‍ഡര്‍ അനുസരിച്ച് പാക്ക് ചെയ്ത് കസ്റ്റമര്‍ക്ക് ഷിപ്പ് ചെയ്യാനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്. പുതിയ ഫുള്‍ഫില്‍മെന്റ് സെന്ററുകളിലൂടെ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെട്ടു. നിലവില്‍ വിപണിയിലെ ട്രെന്‍ഡായ നിര്‍മിത ബുദ്ധി (Artificial intelligence)യുടെ സഹായത്തോടെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ പുതിയ കളികള്‍. ഷോപ്പിംഗ് സംബന്ധിച്ച ഉപയോക്താക്കളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഫ്‌ളിപ്പി 2.0 എന്ന പേരില്‍ എ.ഐ ചാറ്റ്‌ബോട്ട് സംവിധാനമാണ് ഫ്‌ളിപ്കാര്‍ട്ടിനുള്ളത്. ഇതിന് പുറമെ എ.ഐ ഉപയോഗിച്ച് നിര്‍മിച്ച പ്രോഡക്ട് എക്‌സ്‌പ്ലെയിനര്‍ വീഡിയോയും ഇത്തവണ വ്യത്യസ്തമാകും.
ഓഫറുകള്‍ വാരിക്കോരിയെന്ന് ആമസോണ്‍
ഈ മാസം 26 മുതല്‍ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് വേണ്ടി ഓഫറുകള്‍ ലഭ്യമായിത്തുടങ്ങുമെന്ന് ആമസോണ്‍ അറിയിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കാണ് ഇത്തവണ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ കണ്ടിഷണര്‍, വാഷിംഗ് മെഷീന്‍, ടിവി, റഫ്രിജറേറ്റര്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ക്ക് 65 ശതമാനം വരെയാണ് ഓഫറുകള്‍ നല്‍കുന്നത്. എസ്.ബി.ഐ കാര്‍ഡുടമകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ആയിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ആമസോണ്‍ പേ യു.പി.ഐ വഴി ചെയ്താല്‍ 100 രൂപ ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി പറയുന്നു.
ഇത്തവണ പണിപാളുമോ
അതേസമയം, ചില സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ആമസോണും ഫ്‌ളിപ്കാര്‍ട്ടും അമിത പ്രാധാന്യം നല്‍കുന്നുണ്ടെന്ന കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഓഫറുകളുടെ പെരുമഴക്കാലം വരുന്നതെന്നും ശ്രദ്ധേയമാണ്. സാംസംഗ്, ഷവോമി, മോട്ടറോള, റിയല്‍മി, വണ്‍പ്ലസ്, വിവോ എന്നീ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും വെബ്‌സൈറ്റില്‍ കൂടുതല്‍ ഇടം നല്‍കുകയും വില കുത്തനെ കുറയ്ക്കുകയും ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം നടപടികള്‍ വിപണിയില്‍ ഇടപെടാനുള്ള മറ്റ് കമ്പനികളുടെ തുല്യഅവകാശത്തെ ബാധിച്ചതായും ആന്റി ട്രസ്റ്റ് നിയമങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം കമ്പനികള്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെ എക്‌സ്‌ക്ലൂസീവ് ലോഞ്ചുകള്‍ നടത്തുന്നത് ഉപയോക്താവിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും 1,696 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയന്ത്രിക്കണമെന്ന് ബി.ജെ.പി എം.പി
അതിനിടെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണിനെയും ഫ്‌ളിപ്കാര്‍ട്ടിനെയും നിയന്ത്രിക്കണമെന്ന ആവശ്യവുമായി കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) സ്ഥാപകനും ബി.ജെ.പി എം.പിയുമായ പ്രവീണ്‍ ഖണ്ഡേവാള്‍ രംഗത്തെത്തി. കോംപറ്റീഷന്‍ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരാവശ്യം. വിദേശ കുത്തകകള്‍ വലിയ തോതിലുള്ള നിക്ഷേപവും ജോലി സാധ്യതകളും കൊണ്ടുവരുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ചെറുകിട വ്യാപാരികളുടെ ജീവിതോപാധികള്‍ മുട്ടിക്കുന്ന തരത്തിലാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
Videos