

ഇന്ത്യയിലേക്ക് ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപ ഒഴുക്ക് തുടരുന്നു. 2030നുള്ളില്‍ രാജ്യത്ത് 35 ബില്യന്‍ ഡോളര്‍ (ഏകദേശം 3.14 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് ആമസോണ്‍. ഏഷ്യയില്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. മൂന്ന് വിഭാഗങ്ങളിലായിരിക്കും നിക്ഷേപം. എ.ഐ അധിഷ്ഠിതമായ ഡിജിറ്റല്‍ വത്കരണമാണ് ആദ്യത്തേത്. കയറ്റുമതി വര്‍ധനയും തൊഴില്‍ സൃഷ്ടിക്കലിനുമൊപ്പം ബിസിനസ് വളര്‍ച്ചയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
നേരത്തെ, 12.7 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഡാറ്റ സെന്ററുകള്‍ സ്ഥാപിച്ച് എ.ഐ, വെബ് സേവനങ്ങള്‍ മെച്ചപ്പെടുത്താനായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇന്നത്തെ പ്രഖ്യാപനത്തോടെ നിക്ഷേപം 35 ബില്യന്‍ ഡോളറായി വര്‍ധിച്ചു. 2010 മുതല്‍ കമ്പനി രാജ്യത്ത് നടത്തിയത് 40 ബില്യന്‍ ഡോളര്‍ (ഏകദേശം 3.59 ലക്ഷം കോടി രൂപ) നിക്ഷേപമാണെന്നും കണക്കുകള്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ ആമസോണിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ്. 2013ലാണ് ഇന്ത്യയില്‍ വാണിജ്യ പ്രവര്‍ത്തനം തുടങ്ങിയത്. പുതിയ നിക്ഷേപം ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. എ.ഐ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍ വിപുലമാക്കും. ചെറുകിട ബിസിനസുകളെ പിന്തുണക്കാനും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായും ആമസോണ്‍ പറയുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴില്‍ അവസരമാണ് ലക്ഷ്യം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 20 ബില്യന്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 80 ബില്യനായി ഉയര്‍ത്താനും ലക്ഷ്യമുണ്ടെന്ന് ആമസോണ്‍ പറയുന്നു.
യു.എസ് കമ്പനികളായ മൈക്രോസോഫ്റ്റ് 17.5 ബില്യന്‍ ഡോളറും ഗൂഗ്ള്‍ 15 ബില്യന്‍ ഡോളറും ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആമസോണിന്റെയും നീക്കം. പ്രമുഖ യു.എസ് കമ്പനികള്‍ കോടികളുടെ നിക്ഷേപമാണ് ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ പ്രഖ്യാപിച്ചത്. സൗത്ത് ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപയോളം നിക്ഷേപിക്കുമെന്ന് ട്രംപ് ഗ്രൂപ്പും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ക്ലൗഡ്, ഡീപ് ടെക്, എ.ഐ മേഖലയില്‍ ഇന്ത്യയുടെ സാധ്യതയാണ് ഇതിലൂടെ വെളിവാകുന്നതെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine