ക്വിക്ക് ഇ-കൊമേഴ്‌സില്‍ വരവറിയിച്ച് ആമസോണ്‍, ട്രയല്‍ ബംഗളൂരുവില്‍; പേരില്‍ മാറ്റത്തിന് സാധ്യത

ക്വിക്ക് ഇ-കൊമേഴ്‌സ് രംഗത്തെ സാധ്യതകള്‍ മുതലെടുക്കാന്‍ ആമസോണ്‍ രംഗത്തെത്തുമെന്ന് അടുത്തിടെയായി സൂചനകള്‍ നല്‍കിയിരുന്നു. മറ്റ് കമ്പനികള്‍ ഒരുപടി മുന്നിലോടുമ്പോഴും ആമസോണ്‍ ഇക്കാര്യത്തില്‍ ചെറിയ കാലതാമസം വരുത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. തങ്ങളുടെ ക്വിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ പേര് 'തേസ്' എന്നായിരിക്കുമെന്ന് അടുത്തിടെ ആമസോണ്‍ ഇന്ത്യ പ്രതിനിധികള്‍ സൂചന നല്‍കിയിരുന്നു.

ഇപ്പോഴിതാ വലിയൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് ആമസോണ്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സമിര്‍ കുമാര്‍. ഈ മാസം അവസാനത്തോടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ ട്രയല്‍ ബംഗളൂരുവില്‍ ആരംഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 15 മിനിറ്റോ അതില്‍ താഴെയോ സമയത്തില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് സമിര്‍ കുമാര്‍ പറയുന്നത്.

പേരില്‍ മാറ്റത്തിന് സാധ്യത

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാനാണ് തങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 ആദ്യ പകുതിയില്‍ തന്നെ രാജ്യവ്യാപകമായി പദ്ധതി ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. രണ്ടുമാസം മുമ്പ് ചുമതലയേറ്റ സമിര്‍ കുമാറിന്റെ കീഴില്‍ ആമസോണ്‍ ഇന്ത്യ നടത്തുന്ന ആദ്യത്തെ സുപ്രധാന കാല്‍വയ്പാകും ക്വിക്ക് കൊമേഴ്‌സ് രംഗത്തെ അരങ്ങേറ്റം.

അതേസമയം, തേസ് എന്ന പേരിന് ചിലപ്പോള്‍ മാറ്റമുണ്ടായേക്കുമെന്ന സൂചനകളും കമ്പനി നല്‍കുന്നുണ്ട്. പേരിന്റെ കാര്യത്തില്‍ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൊമാറ്റോ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സെപ്‌റ്റോ, ഫ്‌ളിപ്കാര്‍ട്ട് മിനിറ്റ്‌സ്, ബിഗ്ബാസ്‌കറ്റ് തുടങ്ങി ഒരുപിടി കമ്പനികള്‍ ക്വിക്ക് കൊമേഴ്‌സ് മേഖലയില്‍ സജീവമാണ്. ആമസോണ്‍ കൂടിയെത്തുന്നതോടെ മല്‍സരം കടുക്കും.
Related Articles
Next Story
Videos
Share it