Begin typing your search above and press return to search.
$10,000 കോടി സമ്പന്ന പട്ടികയില്‍ നിന്ന് അംബാനിയും അദാനിയും ഔട്ടായത് എങ്ങനെ? ഇലോണ്‍ മസ്‌കും യു.എസും പണിയായി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിയും 100 ബില്യന്‍ ഡോളര്‍ (ഏകദേശം 8.4 ലക്ഷം കോടിരൂപ) ക്ലബ്ബില്‍ നിന്നും പുറത്ത്. ബിസിനസിലും സ്വകാര്യ സമ്പാദ്യത്തിലും തകര്‍ച്ച നേരിടുന്നതിനിടയിലാണ് ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്‌സില്‍ നിന്നും ഇരുവരും പുറത്തായത്.
റീട്ടെയില്‍, എനര്‍ജി സംരംഭങ്ങള്‍ പ്രതീക്ഷിച്ച വളര്‍ച്ച നേടാത്തതും നിലവിലുള്ള കടം സംബന്ധിച്ചുള്ള നിക്ഷേപകരുടെ ആശങ്കയുമാണ് അംബാനിക്ക് തിരിച്ചടിയായത്. 600 മില്യന്‍ (ഏകദേശം 5,000 കോടി രൂപ) ചെലവായ മകന്‍ അനന്ദ് അംബാനിയുടെ വിവാഹ സമയത്ത് അമ്പാനിയുടെ സാമ്പാദ്യം 120.8 ബില്യന്‍ ഡോളറായി വര്‍ധിച്ചിരുന്നു. 10 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിപരീത വളര്‍ച്ചയിലേക്ക് മാറിയതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയും ഇടിഞ്ഞു. ജൂണില്‍ പത്തര ലക്ഷം കോടി രൂപയായിരുന്നത് ഡിസംബര്‍ 13ലെ കണക്കു പ്രകാരം 96.7 ബില്യന്‍ ഡോളര്‍ (ഏകദേശം 8.23 ലക്ഷം കോടി രൂപ) ആയി മാറിയെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.
അദാനിക്ക് പണി യു.എസ് വക
അഴിമതിക്കേസില്‍ യു.എസ് കോടതികള്‍ കുറ്റം ചുമത്തിയതാണ് ഗൗതം അദാനിക്ക് തിരിച്ചടിയായത്. ഇന്ത്യയിലെ കരാറുകള്‍ ലഭിക്കാന്‍ കൈക്കൂലി കൊടുത്തത് അമേരിക്കന്‍ നിക്ഷേപകരില്‍ നിന്നും മറച്ചുവച്ചതിന് അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനി അടക്കമുള്ളവര്‍ക്കുമെതിരെയാണ് കേസെടുത്തത്. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് ആരോപണത്തില്‍ നിന്നും അദാനികമ്പനികള്‍ കരകയറുന്നതിനിടെയാണ് യു.എസ് വക ഇരുട്ടടി കിട്ടിയത്. ജൂണില്‍ 122.3 ബില്യന്‍ ഡോളര്‍ (ഏകദേശം 10.3 ലക്ഷം കോടി രൂപ) സമ്പാദ്യമുണ്ടായിരുന്ന അദാനി പക്ഷേ ആരോപണങ്ങളെയെല്ലാം നിഷേധിക്കുകയും നിയമപോരാട്ടം നടത്തുമെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. ഇതിന് പിന്നാലെ അദാനിയുടെ സമ്പാദ്യം 82.1 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 6.9 ലക്ഷം കോടി രൂപ) എന്ന നിലയിലേക്ക് ചുരുങ്ങിയെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം, യു.എസ് ആരോപണങ്ങള്‍ വരും വര്‍ഷങ്ങളിലും അദാനി കമ്പനികളെ വേട്ടയാടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അമ്പാനിക്ക് ഭീഷണി ഇലോണ്‍ മസ്‌കും
റിലയന്‍സിന്റെ ഭാവി പദ്ധതികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, റീട്ടെയില്‍ ബ്രാന്‍ഡ്, പുനരുപയോഗ ഊര്‍ജ രംഗങ്ങളെ കേന്ദ്രീകരിച്ചാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റീട്ടെയില്‍ രംഗത്ത് വില്‍പ്പനയും ലാഭവും കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയാണ്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രംഗം സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ അധീനതയിലുമാണ്. ഇന്ത്യന്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് രംഗത്തേക്ക് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കടന്നുവന്നത് റിലയന്‍സ് ജിയോയുടെ ഡിജിറ്റല്‍, ടെലികോം സേവനങ്ങള്‍ക്ക് ഭീഷണിയാണ്. വിപണിയില്‍ ആവശ്യകത കുറഞ്ഞതും ചൈനയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചതും ഓയില്‍-കെമിക്കല്‍ രംഗത്തിനും തിരിച്ചടിയായി. അതേസമയം, വാള്‍ട്ട് ഡിസ്‌നിയുമായി ചേര്‍ന്ന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ആധിപത്യം നേടിയതും എന്‍വിഡിയയുമായി ചേര്‍ന്ന എ.ഐ ചിപ്പ് നിര്‍മാണത്തിലേക്ക് കടന്നതും കമ്പനിക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story
Videos