
ഇന്ത്യന്‍ ബിസിനസ് ലോകത്തെ വമ്പന്മാരായ റിലയന്‍സ് ഇന്‍ഡസ്ട്രിസും അദാനി ഗ്രൂപ്പും സഹകരണത്തിന്റെ പാതയിലേക്ക്. ഇരു കമ്പനികളും തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ വഴി പരസ്പരം ഉത്പന്നങ്ങള്‍ വില്ക്കാനാണ് യോജിപ്പിലെത്തിയത്. ഇതുപ്രകാരം അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് ഔട്ട്‌ലെറ്റുകള്‍ വഴി ജിയോ ബിപി പെട്രോളും ഡീസലും വില്ക്കും. പകരമായി ജിയോ ബിപി ഔട്ട്‌ലെറ്റുകളിലൂടെ അദാനിയുടെ സിഎന്‍ജിയും വില്ക്കും.
യോജിച്ചുള്ള പ്രവര്‍ത്തനം വഴി ഇരുകൂട്ടര്‍ക്കും തങ്ങളുടെ മേഖലകളില്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അദാനി ടോട്ടല്‍ ഗ്യാസിന് രാജ്യമെമ്പാടുമായി 650 സിഎന്‍ജി സ്റ്റേഷനുകളും റിലയന്‍സ് ജിയോ ബിപിക്ക് 2,000ത്തോളം പെട്രോള്‍ പമ്പുകളും രാജ്യത്തുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മധ്യപ്രദേശിലുള്ള അദാനി പവറിന്റെ പ്രോജക്ടില്‍ 26 ശതമാനം ഓഹരിപങ്കാളിത്തം നേടിയിരുന്നു. ഈ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതിയുടെ 500 മെഗാവാട്ട് റിലയന്‍സാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ നാച്ചുറല്‍ ഗ്യാസ് ആവശ്യകത 2030 ആകുമ്പോഴേക്കും 60 ശതമാനം വര്‍ധിക്കുമെന്നാണ് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ കണക്കുകൂട്ടല്‍. ഈ രംഗത്ത് മുന്‍നിര സ്ഥാനം ഉറപ്പിക്കുകയാണ് ഇരുകമ്പനികളുടെയും ലക്ഷ്യം. യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അതിവേഗം വിപണി സ്വന്തമാക്കാമെന്ന് അംബാനിയും അദാനിയും കണക്കുകൂട്ടുന്നു.
റിലയന്‍സുമായുള്ള കൂട്ടുകെട്ട് വാര്‍ത്ത പുറത്തു വന്നതോടെ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് ഓഹരികള്‍ കുതിച്ചു. ഇന്ന് മാത്രം 7 ശതമാനത്തിനു മുകളിലാണ് ഓഹരികളുടെ നേട്ടം. 76,107 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് 1,341 കോടി രൂപയായിരുന്നു. ലാഭം 155 കോടി രൂപയും. കഴിഞ്ഞ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ ഉയര്‍ച്ചയും ലാഭത്തില്‍ ഇടിവും ഉണ്ടായിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine