Begin typing your search above and press return to search.
അമ്പമ്പോ, അംബാനിക്കല്യാണം! ചെലവ് 5,000 കോടി
ഇന്ത്യന്‍ വ്യവസായ രംഗത്തെ അതികായനായ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റുമായുള്ള വിവാഹത്തിന് സ്വത്തിന്റെ അര ശതമാനം പോലും അംബാനി കുടുംബം ചെലവാക്കുന്നില്ല. എന്നാല്‍ 5,000 കോടിയില്‍പരം രൂപ ചെറിയൊരു തുകയല്ല. അന്താരാഷ്ട്ര തലത്തില്‍ നോക്കിയാല്‍ 10 ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങ് സംഘടിപ്പിക്കാനുള്ള തുകയാണത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഇന്ത്യയിലെ പ്രമുഖരെ മാത്രമല്ല വധൂവരന്മാരെ ആശിര്‍വദിക്കാന്‍ ക്ഷണിച്ചിട്ടുള്ളത്. യു.കെ മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, സാംസങ് സി.ഇ.ഒ ഹാന്‍ ജോണ്‍ തുടങ്ങി ആഗോള പ്രശസ്തര്‍ വിവാഹത്തിനായി മുംബൈയില്‍ എത്തിയിട്ടുണ്ട്.
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനാണ് ആനന്ദ് അംബാനി. ഫാര്‍മ രംഗത്ത് പ്രമുഖനായ വിരെന്റെയും ശൈല മെര്‍ച്ചന്റിന്റെയും മകളാണ് രാധിക മെര്‍ച്ചന്റ്. മുംബൈ ബി.കെ.സി കോംപ്ലക്‌സിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററാണ് വെള്ളിയാഴ്ചത്തെ വിവാഹ വേദി. ഉച്ചതിരിഞ്ഞ് തുടങ്ങുന്ന സല്‍ക്കാരവും ചടങ്ങുകളും രാത്രി വരെ നീളും.
വിവാഹത്തിനു മുമ്പും, ശനിയാഴ്ചയുമായി ചടങ്ങുകളുടെയും സല്‍ക്കാരങ്ങളുടെയും ഘോഷയാത്ര തന്നെ. മകന്റെ വിവാഹം പ്രമാണിച്ച് റിലയന്‍സിലെ ജീവനക്കാര്‍ക്ക് വെള്ളിനാണയം അടക്കം വിവിധ സമ്മാനങ്ങള്‍ അംബാനി നല്‍കിയിട്ടുണ്ട്. ഒരു വിവാഹ ക്ഷണക്കത്തിനു തന്നെ ചെലവ് 70,000 രൂപയോളമാണ് എന്നു പറഞ്ഞാല്‍, കഴിഞ്ഞു!
ആര്‍ഭാട വിവാഹത്തിനിടയില്‍ കിട്ടുന്ന സമ്മാനത്തിന്റെയും മറ്റും പേരില്‍ നികുതി വെട്ടിപ്പും നടക്കുന്നുണ്ടോ? വിവാഹ സമയത്തു കിട്ടുന്ന എത്ര വിലപിടിച്ച സമ്മാനവും നികുതിരഹിതമാണ്. അതുകൊണ്ടാണ് ഇത്തരമൊരു ചര്‍ച്ചയും വിവാഹത്തിന് അകമ്പടിയായി സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. തിരിച്ച് എന്തെങ്കിലും കിട്ടാതെ ഇത്രയും വലിയ തുക ബിസിനസുകാര്‍ മുടക്കുമോ? -ചോദ്യം അങ്ങനെയുമുണ്ട്.
Next Story
Videos