അദാനിക്കും അംബാനിക്കും ശമ്പളം കുറവ്; എന്‍. ചന്ദ്രശേഖരന്റെ വേതനം ₹113 കോടി

അമേരിക്കയിലെയും യൂറോപ്പിലെയും കോര്‍പ്പറേറ്റ് ശീലങ്ങള്‍ ഇതാ ഇന്ത്യയിലും സാധാരണമായി മാറുന്നു. തുടക്കത്തില്‍, ഐ.ടി രംഗത്താണ് ഇത് ആദ്യം കണ്ടത്. ജീവനക്കാരെ ആവശ്യം വരുമ്പോള്‍ നിയമിക്കുക, ആവശ്യമില്ലാത്തപ്പോള്‍ പുറത്തുകളയുക (ഹയര്‍ & ഫയര്‍) എന്ന കീഴ്‌വഴക്കം ആദ്യമെത്തിയത് ഐ.ടി കമ്പനികളിലാണല്ലോ. കോവിഡ് വ്യാപനത്തോടെ ഇന്ത്യയില്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്ന രീതിയും (വര്‍ക്ക് ഫ്രം ഹോം) വന്നു.

ഇപ്പോഴിതാ, ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കോര്‍പ്പറേറ്റ് കമ്പനികളുടെ തലപ്പത്തുള്ളവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കാനായി വന്‍ പാക്കേജാണ് അവര്‍ക്ക് നല്‍കുന്നത്. ഇതും തുടക്കമിട്ടത് ഐ.ടി രംഗത്താണെങ്കിലും മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിക്കുകയാണ്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് 2022-23ല്‍ 113 കോടി രൂപയാണ് വേതനമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ലാഭത്തിന്റെ കമ്മിഷനായുള്ള 100 കോടി രൂപ ഉള്‍പ്പെടെയാണിത്. 2021-22ല്‍ ഇദ്ദേഹത്തിന് ലഭിച്ച വേതനം 109 കോടി രൂപയായിരുന്നു. കോര്‍പ്പറേറ്റ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വേതനം കൈപ്പറ്റുന്ന സാരഥികളിലൊരാളാണ് ഇപ്പോള്‍ ചന്ദ്ര.
പൂനാവാല ഫിന്‍കോര്‍പ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ അഭയ് ഭുട്ടാഡയ്ക്ക് 2023 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച വേതനം 78.1 കോടി രൂപയാണ്. ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ എസ്.എന്‍. സുബ്രഹ്‌മണ്യന് ലഭിച്ചത് 35.67 കോടി രൂപയും.
അദാനിയും അംബാനിയും പിന്നില്‍
കമ്പനി ഉടമകള്‍ തന്നെ ചീഫ് എക്സിക്യൂട്ടിവ് റോളും വഹിക്കുന്ന കോര്‍പ്പറേറ്റുകളിലെ വേതനങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. ഹീറോ മോട്ടോകോര്‍പ്പിന്റെ ചെയര്‍മാനും മുഴുവന്‍ സമയ ഡയറക്റ്ററുമായ പവന്‍ മുഞ്ചാല്‍ 99.6 കോടി രൂപ വേതനമായി കൈപ്പറ്റുമ്പോള്‍ മുകേഷ് അംബാനി തന്റെ വേതനം 15 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ ചെയര്‍മാന്‍ സാജന്‍ ജിന്‍ഡാല്‍ 51.3 കോടി രൂപ വേതനമായെടുക്കുമ്പോള്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 2.39 കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസില്‍ നിന്ന് ശമ്പളമായി കൈപ്പറ്റുന്നത്.
കമ്പനികളും അതിന്റെ ഓഹരി ഉടമകളും നേട്ടമില്ലാതെ നട്ടംതിരിയുമ്പോള്‍ ആ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടിവുകള്‍ വലിയ വേതനം കൈപ്പറ്റുന്നുവെന്ന വിമര്‍ശനം പാശ്ചാത്യരാജ്യങ്ങളില്‍ ശക്തിയാര്‍ജിക്കുന്നുണ്ടെങ്കിലും ആ പ്രവണത ഇതുവരെ ഇന്ത്യയിലേക്ക് എത്തിയിട്ടില്ല.

(This article was originally published in Dhanam Magazine September 15th issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it