ട്രംപിനെ ചീത്ത വിളിക്കുന്ന ലോകജനതയുടെ കൂട്ടത്തില്‍ അമേരിക്കക്കാരുമുണ്ട്, യുദ്ധം യു.എസിനെ എങ്ങനെ ബാധിക്കുന്നു?

ഇന്ധനവില വര്‍ധന അമേരിക്കന്‍ രാഷ്ട്രീയത്തിലും ചര്‍ച്ചയാകുകയാണ്. 48 ശതമാനം അമേരിക്കക്കാര്‍ ഇന്ധനവില വര്‍ധനയ്ക്ക് ട്രംപിനെ കുറ്റപ്പെടുത്തുന്നു
Chat GPT image
Chat GPT image
Published on

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം അമേരിക്കയിലെ ഇന്ധനവില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ അമേരിക്കയില്‍ പെട്രോള്‍ വില ഏകദേശം 21 ശതമാനം വരെ ഉയര്‍ന്ന് ഗാലണിന് ശരാശരി 3.6 ഡോളര്‍ വരെ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹവായ് പോലുള്ള ചില സംസ്ഥാനങ്ങളില്‍ ഇത് 4.4 ഡോളര്‍ വരെ ഉയര്‍ന്നിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ എണ്ണ സൗകര്യങ്ങളിലേക്കും കപ്പല്‍ ഗതാഗതത്തിലേക്കും ആക്രമണ ഭീഷണി ഉയര്‍ന്നതോടെയാണ് വില വര്‍ധന വേഗം പിടിച്ചത്.

ഇറാന്റെ പ്രതികരണ നടപടികള്‍ പ്രധാനമായും ക്രൂഡ് ഓയില്‍ നീക്കത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളെയും കപ്പല്‍ ഗതാഗതത്തെയും ലക്ഷ്യമിട്ടതോടെ ആഗോള വിപണിയില്‍ അനിശ്ചിതത്വം വര്‍ധിച്ചു. സംഘര്‍ഷം ശക്തമായതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളര്‍ കടന്നു. ചില ദിവസങ്ങളില്‍ ഇത് 120 ഡോളറിനടുത്ത് വരെ എത്തുകയും ചെയ്തു. ലോകത്തിലെ എണ്ണ ഉല്‍പാദനത്തിന്റെ ഏകദേശം 4.5 ശതമാനം മാത്രമാണ് ഇറാന്റെ പങ്ക്. പക്ഷേ ഹോര്‍മൂസ് കടലിടുക്കിലുള്ള അതിന്റെ സ്വാധീനം വിപണിയെ ശക്തമായി ബാധിക്കുന്നു.

ട്രംപിന് പറഞ്ഞാല്‍ മതി!

ഇന്ധനവില കുതിച്ചുയരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടത്തിയ പ്രതികരണം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ട്രംപ് സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ എഴുതിയത് ഇങ്ങനെ: എണ്ണവില ഉയര്‍ന്നാല്‍ അമേരിക്കയ്ക്ക് സാമ്പത്തികമായി ചില നേട്ടങ്ങളുണ്ടാകാം, കാരണം രാജ്യം വലിയ എണ്ണ ഉല്‍പാദകരാണ്. എന്നാല്‍ ഈ പ്രസ്താവന ഇന്ധനവിലയുടെ ഭാരമേറ്റു നില്‍ക്കുന്ന സാധാരണ ജനങ്ങള്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇന്ധനവില വര്‍ധന അമേരിക്കന്‍ രാഷ്ട്രീയത്തിലും ചര്‍ച്ചയാകുകയാണ്. ഒരു സര്‍വേ പ്രകാരം ഏകദേശം 48 ശതമാനം അമേരിക്കക്കാര്‍ ഇന്ധനവില വര്‍ധനയ്ക്ക് ട്രംപിനെ കുറ്റപ്പെടുത്തുന്നു. മറ്റൊരു സര്‍വേയില്‍ 43 ശതമാനം ആളുകള്‍ ഇറാനുമായുള്ള സൈനിക നടപടിയെ അനുകൂലിക്കുന്നില്ല. ഏകദേശം മൂന്നില്‍ രണ്ട് പേര്‍ യുദ്ധത്തിന്റെ ലക്ഷ്യം വ്യക്തമായി വിശദീകരിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ അടുത്തിടെ നടക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പുകളിലും ഇന്ധനവില പ്രധാന ചര്‍ച്ചാവിഷയമാകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.

ആഗോള ഊര്‍ജ പ്രതിസന്ധി

ഹോര്‍മൂസ് കടലിടുക്ക് വഴി ദിവസേന ഏകദേശം 2 കോടി ബാരല്‍ എണ്ണ ഗതാഗതം നടക്കുന്നു. ഈ പാതയില്‍ വലിയ തടസ്സം ഉണ്ടാകുകയാണെങ്കില്‍ ആഗോള എണ്ണ വിതരണത്തില്‍ വലിയ കുറവ് സംഭവിക്കാനും അതിലൂടെ ലോകമെമ്പാടും ഇന്ധനവില കുത്തനെ ഉയര്‍ന്നേക്കാനും സാധ്യതയുണ്ട്. മിഡില്‍ ഈസ്റ്റിലെ ഈ സംഘര്‍ഷം ഇപ്പോള്‍ ഒരു പ്രാദേശിക യുദ്ധമെന്നതിലുപരി ലോക സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഊര്‍ജ പ്രതിസന്ധിയായി മാറുന്നുവെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com