Begin typing your search above and press return to search.
ആറുവര്‍ഷം ബാരലില്‍ സൂക്ഷിക്കും, വില 3,500 രൂപ; ശര്‍ക്കര വാറ്റിയെടുത്ത റം വിപണിയില്‍ സൂപ്പര്‍ഹിറ്റ്
പൂര്‍ണമായും ശര്‍ക്കരയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന റം പുറത്തിറക്കി രാജ്യത്തെ പ്രമുഖ മദ്യനിര്‍മാതാക്കളായ അമൃത് ഡിസ്റ്റിലറീസ്. ബെല്ല എന്ന പേരിലാണ് കമ്പനി ശര്‍ക്കര റം വിപണിയിലെത്തിച്ചത്. വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന ഈ ബ്രാന്‍ഡ് മാര്‍ക്കറ്റില്‍ ഹിറ്റായിട്ടുണ്ട്.
ഒരു കുപ്പി മദ്യത്തിന് 3,500 രൂപയാണ് ബെല്ല റമ്മിന്റെ ഇന്ത്യന്‍ വിപണിയിലെ വില. കര്‍ണാടകയിലെ മാണ്ഡ്യ സഹ്യാദ്രിയില്‍ കൃഷി ചെയ്യുന്ന കരിമ്പില്‍ നിന്നുള്ള ശര്‍ക്കര ഉപയോഗിച്ചാണ് ബെല്ല തയാറാക്കുന്നത്. ബെല്ല എന്ന വാക്കിന്റെ കന്നഡയിലെ അര്‍ത്ഥം ശര്‍ക്കര എന്നാണ്.
മദ്യരംഗത്തെ മുമ്പന്മാര്‍
വേള്‍ഡ് വിസ്‌കി ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി പുറത്തിറക്കിയ കമ്പനിയാണ് അമൃത് ഡിസ്റ്റിലറീസ്. 75 വര്‍ഷം മുമ്പാണ് കമ്പനി സ്ഥാപിക്കുന്നത്. നീലകണ്ഠറാവു ജഗ്ദേലയാണ് സ്ഥാപകന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ശര്‍ക്കരയില്‍ നിന്നുള്ള റം അമൃത് വികസിപ്പിച്ചെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലൈസന്‍സ് ലഭിക്കാതിരുന്നതിനാല്‍ വിപണിയിലിറക്കാന്‍ സാധിച്ചിരുന്നില്ല.
കമ്പനിയുടെ എഴുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അമൃത് പുതിയ ബ്രാന്‍ഡ് പുറത്തിറക്കിയത്. 1948 ല്‍ സ്ഥാപിച്ചതാണ് അമൃത് ഡിസ്റ്റിലറീസ്. ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ പിതാവെന്നാണ് നീലകണ്ഠ റാവു ജഗ്ദലേ അറിയപ്പെടുന്നത്.
ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ അമൃത് ഡിസ്റ്റിലറീസ് വിസ്‌കി വില്‍ക്കുന്നുണ്ട്. യു.എസ്, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, യു.കെ, സ്‌പെയിന്‍, സ്വീഡന്‍ എന്നിവിടങ്ങളിലെല്ലാം അമൃത് സിംഗിള്‍ മാള്‍ട്ട് വിസ്‌കി പ്രശസ്തമാണ്. പുതിയ റമ്മിലൂടെ മദ്യ വിപണിയില്‍ കൂടുതല്‍ ആധിപത്യം നേടാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം
Next Story