ഐറീഷ് പൗരനായ ഇന്ത്യന്‍ ശതകോടീശ്വരന്‍, ആരായിരുന്നു പല്ലോന്‍ജി മിസ്ത്രി

എഞ്ചിനീയറിംഗ് മുതല്‍ ഫീനാന്‍ഷ്യല്‍ സര്‍വീസില്‍ വരെ സാന്നിധ്യമുള്ള ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ (Shapoorji Pallonji Group) ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ പല്ലോന്‍ജി മിസ്ത്രി (Pallonji Mistry) അന്തരിച്ചു. ടാറ്റ സണ്‍സിലെ (Tata Sons) ഏറ്റവും വലിയ മൈനോരിറ്റി ഓഹരി ഉടമ കൂടിയായിരുന്നു മിസ്ത്രി. പല്ലോന്‍ജി ഗ്രൂപ്പിന് 18.4 ശതമാനം ഓഹരികളാണ് ടാറ്റ സണ്‍സിലുള്ളത്. പാല്ലോന്‍ജി മിസ്ത്രിയുടെ മകനാണ് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ ആയിരുന്ന സൈറസ് മിസ്ത്രി.

ടാറ്റ സണ്‍സിലുള്ള ഓഹരികളാണ് മിസ്ത്രിയെ ആസ്തിയുടെ വലിയൊരു പങ്കും. മിസ്ത്രി കുടുബത്തിന് ടാറ്റ സണ്‍സിലുള്ള ഓഹരികളുടെ മൂല്യം ഒരു ലക്ഷം കോടിക്ക് മുകളിലാണ്. ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം 29 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് പല്ലോന്‍ജി മിസ്ത്രിക്ക് ഉണ്ടായിരുന്നത്.

മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ്, താജ്മഹല്‍ പാലസ് ഹോട്ടല്‍, ഒമാനിലെ അല്‍ ആലാം പാലസ് ഉള്‍പ്പടെയുള്ളവ നിര്‍മിച്ചത് 1865ല്‍ സ്ഥാപിതമായ പല്ലോന്‍ജി ഗ്രൂപ്പ് ആണ്. 50 രാജ്യങ്ങളിലായി 50,000ല്‍ അധികം ജീവനക്കാരുള്ള പ്രസ്താനമാണ് പല്ലോന്‍ജി ഗ്രൂപ്പ്. 1970കളില്‍ മിസ്ത്രിയുടെ നേതൃത്വത്തിലാണ് അബുദാബി, ഖത്തര്‍, ദുബായി ഉള്‍പ്പടെയുള്ള മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് പല്ലോന്‍ജി ഗ്രൂപ്പ് ബിസിനസ് വ്യാപിപ്പിക്കുന്നത്. 1929ല്‍ മുംബൈയില്‍ ജനിച്ച മിസ്ത്രി 1947ല്‍ ആണ് കുടുംബത്തിന്റെ ബിസിനസിലേക്ക് എത്തുന്നത്.

അയര്‍ലന്‍ഡുകാരി പാറ്റ്സി പെരിന്‍ ദുബാഷിയെ വിവാഹം കഴിച്ച മിസ്ത്രി 2003ല്‍ ആണ് ഐറീഷ് പൗരത്വം സ്വീകരിച്ചത്. തുടര്‍ന്ന് 2004ല്‍ അദ്ദേഹം പല്ലോന്‍ജി ഗ്രൂപ്പിന്റെ നേതൃത്വം മകന്‍ ഷപൂര്‍ മിസ്ത്രിയെ ഏല്‍പ്പിച്ചു. രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റ വിവാഹം കഴിച്ചിരിക്കുന്നത് പല്ലോന്‍ജി മിസ്ത്രിയുടെ മകള്‍ അലൂ മിസ്ത്രിയെ ആണ്. വ്യാവസായിക മേഖലയ്ക്ക് നല്‍കിയ നല്‍കിയ സംഭാവനയെ മാനിച്ച് 2016ല്‍ മിസ്ത്രിയെ രാജ്യം പത്മ ഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.

Related Articles
Next Story
Videos
Share it