കോട്ടയവും കൊച്ചിയും ഗുരുവായൂരും; ആനന്ദ് മഹീന്ദ്രയ്ക്ക് കേരളത്തില്‍ എന്താണ് കാര്യം?

കോട്ടയം മോഡലും സിയാലും പ്രശംസിച്ച മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ചത് ഥാറിന്റെ ലേറ്റസ്റ്റ് എഡിഷന്‍.
കോട്ടയവും കൊച്ചിയും ഗുരുവായൂരും; ആനന്ദ് മഹീന്ദ്രയ്ക്ക് കേരളത്തില്‍ എന്താണ് കാര്യം?
Published on

മഹീന്ദ്ര ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ തന്റെ ട്വീറ്റുകളിലൂടെയും പ്രസംഗങ്ങളിലൂടെയുമെല്ലാം ഏറെ സ്വാധീനിക്കാറുണ്ട്. എന്തിന്, വിദേശികള്‍ പോലും അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ പ്രചോദനാത്മകമായിട്ടാണ് എടുക്കുന്നത്. കേരളത്തിലെ പല പ്രതിഭകളെക്കുറിച്ചും ശ്രദ്ധേയമായ ചില കുറിപ്പുകള്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

കേരളത്തില്‍ വച്ചുനടന്ന ഗ്രൂപ്പ് മേധാവികളുടെ എജിഎമ്മിന് അദ്ദേഹം പങ്കെടുത്ത് മടങ്ങി, എന്നാല്‍ ചര്‍ച്ചയാകുന്നത് അദ്ദേഹത്തിന്റെ 'കേരള കണക്ഷ'നാണ്. ഗുരുവായൂരമ്പലത്തിലെ എസ് യു വി കാണിക്ക ഉള്‍പ്പെടെ കേരളവുമായി അദ്ദേഹം ഇഴയിട്ടുറപ്പിച്ചത് വിവിധ തലത്തിലുള്ള ബന്ധങ്ങള്‍.

ഥാറും ഗുരുവായൂരപ്പനും

മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ആണ് ഗുരുവായൂരപ്പന് കാണിക്കയായി വാഹന വിപണിയില്‍ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവാണ് കഴിഞ്ഞ ദിവസം രാവിലെ നടയ്ക്കല്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷനും ലിമിറ്റഡ് എഡിഷനുമാണ് താരം. 2020 ഒക്ടോബര്‍ രണ്ടിനായിരുന്നു രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്.

അതേസമയം ഥാറിന്റെ കാണിക്ക ട്രോളന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. ഗുരുവായൂരപ്പന് കറങ്ങിനടക്കാനാണോ ഥാര്‍ എന്ന രീതിയില്‍ വിമര്‍ശനാത്മക പോസ്റ്റുകളും സജീവം. കാര്യം എന്തൊക്കെയായാലും ഇന്ത്യക്കാരുടെ ഇഷ്ട ക്ഷേത്രമായ ഗുരുവായൂരിന് ഇത് ആദ്്യ അനുഭവമായി.

കോട്ടയം മോഡല്‍

ദാരിദ്ര്യമില്ലാത്ത കോട്ടയം മോഡലിനെക്കുറിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ പങ്കുവച്ച വീഡിയോയും ശ്രദ്ധേയമായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ദാരിദ്ര്യം ഇല്ലാത്ത കോട്ടയം മാതൃക രാജ്യത്തുടനീളം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആനന്ദ് മഹീന്ദ്ര അഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോ. രാജ്യത്തിന്റെ പ്രശ്നത്തിനുള്ള മിക്ക പരിഹാരങ്ങളും വീട്ടുമുറ്റത്താണെന്നും അതുപോലെ ദാരിദ്ര്യം തടയുന്നതിനുള്ള ലളിതവും എന്നാല്‍ അഗാധവുമായ ഉത്തരങ്ങള്‍ വിദ്യാഭ്യാസവും അനുകമ്പയുമാണെന്നും ആനന്ദ് മഹീന്ദ്ര കോട്ടയം ജില്ലയെ ഉദാഹരിച്ചു പറയുന്നു.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ സോളാര്‍ പവര്‍ മികച്ച ഒരു മാതൃകയാണെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. അദ്ദേഹത്തിന്റെ ട്വീറ്റ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

'ഒരു റിവാര്‍ഡിംഗ് ഗ്രൂപ്പ് കോണ്‍ഫറന്‍സ് കഴിഞ്ഞ് കൊച്ചി വിടുന്നു. എയര്‍പോര്‍ട്ട് ഒതുക്കമുള്ളതും പ്രാദേശിക വാസ്തുവിദ്യാ രൂപങ്ങള്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തതും വൃത്തിയുള്ളതും കാര്യക്ഷമവുമാണ്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം, രാജ്യത്തെ ആദ്യ സ്വകാര്യ വിമാനത്താവളം. ഇത് എല്ലാ വിമാനത്താവളങ്ങള്‍ക്കും മാതൃകയാണ്,'' ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. കേരള സന്ദര്‍ശനവും എജിഎം കോണ്‍ഫറന്‍സും കഴിഞ്ഞ് ശനിയാഴ്ച ഉച്ചയ്ക്കാണ് സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ ആനന്ദ് മഹീന്ദ്ര മടങ്ങിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com