
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയെ കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കും. 10-20 കോടി രൂപ വരെയായിരിക്കും അംബാനി പുത്രന്റെ ശമ്പളമെന്നും കമ്പനി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കി. 2025 ജൂലൈ ഒന്ന് മുതലുള്ള അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
ശമ്പളവും മറ്റ് അലവന്‍സുകളും ചേര്‍ത്ത് പ്രതിവര്‍ഷം 10-20 കോടി രൂപ വരെയായിരിക്കും അനന്തിന്റെ ശമ്പളം. എച്ച്.ആര്‍.എന്‍.ആര്‍ (HR nomination and remuneration) കമ്മിറ്റിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പള വര്‍ധനയും നടപ്പിലാക്കും. ഹൗസ് അലവന്‍സ് അല്ലെങ്കില്‍ വീട്ടുവാടക, ഹൗസ് മെയിന്റനന്‍സ്, ഗ്യാസ്, വൈദ്യുതി, ഫര്‍ണിച്ചറുകള്‍, അറ്റകുറ്റപ്പണി, കുടുംബത്തിന്റെയും അനന്തിന്റെയും യാത്ര എന്നിവ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടും. ഇതുകൂടാതെ കമ്പനിയുടെ ആകെ ലാഭത്തില്‍ നിന്നുള്ള വിഹിതവും ലഭിക്കും. അനന്ത് അംബാനിക്കും കുടുംബത്തിനും നല്‍കുന്ന സുരക്ഷ കമ്പനിയുടെ ചെലവാണ്. ഇത്തരത്തില്‍ നല്‍കുന്ന ആകെ തുക കമ്പനിയുടെ ആകെ ലാഭത്തിന്റെ ഒരു ശതമാനത്തില്‍ കൂടുതലാകില്ലെന്നും ഫയിലിംഗില്‍ പറയുന്നു.
അനന്ത് അംബാനിയുടെ സഹോദരങ്ങളായ ഇഷ അംബാനിയും ആകാശ് അംബാനിയും ഇതിനോടകം തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡില്‍ നോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. ഇഷ അംബാനി റീട്ടെയില്‍ ബിസിനസിന്റെ ചുമതല വഹിക്കുമ്പോള്‍ ജിയോ പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണം അകാശ് അംബാനിയുടെ നേതൃത്വത്തിലാണ്. ഫോസില്‍ ഇന്ധനത്തില്‍ തുടങ്ങി സോളാര്‍ പാനല്‍ നിര്‍മാണം വരെ വ്യാപിച്ചു കിടക്കുന്ന റിലയന്‍സിന്റെ എനര്‍ജി ബിസിനസിന്റെ ചുമതലയാണ് അനന്ത് നിര്‍വഹിക്കേണ്ടത്.
പിതാവിന്റെ സ്വത്തുക്കള്‍ ഭാഗം വെക്കുമ്പോള്‍ താനും സഹോദരന്‍ അനില്‍ അംബാനിയും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ സ്വന്തം മക്കളുടെ കാര്യത്തില്‍ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള മുകേഷ് അംബാനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് അനന്ത് അംബാനിയുടെ നിയമനമെന്നാണ് വിലയിരുത്തല്‍. തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്‍തുടര്‍ച്ച ഉറപ്പാക്കാന്‍ മൂന്ന് മക്കളെയും ബിസിനസിന്റെ ഭാഗമാക്കുമെന്ന് 2023ല്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മൂന്ന് മക്കള്‍ക്കും തന്റെ കമ്പനിയില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിതാവിന്റെ ബിസിനസ് നോക്കിനടത്താന്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം അവസാനിപ്പിച്ചയാളാണ് മുകേഷ് അംബാനിയെങ്കിലും മക്കളെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയ ആള്‍ക്കാരാണ്.
കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മൂത്ത മകന്‍ ആകാശ് അംബാനി 2014ലാണ് റിലയന്‍സ് ഗ്രൂപ്പിന്റെ ടെലികോം യൂണിറ്റായ ജിയോയില്‍ ചേരുന്നത്. 2022ല്‍ ആകാശിനെ ജിയോ ഇന്‍ഫോകോം കമ്പനിയുടെ ചെയര്‍മാനാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മുംബയ് ഇന്ത്യന്‍സിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആകാശാണ്. കമ്പനിയുടെ റീട്ടെയില്‍, ഇ-കൊമേഴ്‌സ്, ലക്ഷ്വറി ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നത് ആകാശിന്റെ ഇരട്ട സഹോദരി ഇഷയാണ്. വമ്പന്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലെത്തിച്ചും ഇ-കൊമേഴ്‌സ് രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തിയും കമ്പനിയുടെ റീട്ടെയില്‍ വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിച്ചത് ഇഷയുടെ നേതൃത്വത്തിലാണ്. 2015ല്‍ കമ്പനിയുടെ ഭാഗമായ അനന്ത് ഓയില്‍ ടു കെമിക്കല്‍ ബിസിനസില്‍ സജീവമാണ്. സര്‍ എച്ച്.എന്‍ ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍, വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ള വാണ്ടാര തുടങ്ങിയ പദ്ധതികളുടെയും ഭാഗമാണ് അനന്ത്.
Read DhanamOnline in English
Subscribe to Dhanam Magazine