ആനന്ദ് അംബാനി-രാധിക വിവാഹം: പൊടിപൊടിക്കുന്നത് ശതകോടികള്‍; സാക്ഷിയാകാന്‍ ബില്‍ ഗേറ്റ്സ് ഉള്‍പ്പെടെ ആഗോള പ്രമുഖര്‍

വിവാഹത്തോടനുബന്ധിച്ച് ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളം തത്കാലത്തേക്ക് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു
Image courtesy: radhika merchant/ insta
Image courtesy: radhika merchant/ insta
Published on

ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. 

ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, കരീന കപൂര്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങി നിരവധി താരങ്ങളാണ് മാര്‍ച്ച് ഒന്നിന് ആരംഭിച്ച് മൂന്ന് വരെ നീളുന്ന ആഘോഷങ്ങളുടെ ആദ്യ ദിനത്തില്‍ പങ്കെടുത്തത്. പ്രീവെഡിംഗ് ആഘോഷത്തിനായി ഒമ്പത് പേജുള്ള ഇവന്റ് ഗൈഡാണ് തയാറാക്കിയത്. ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിന് മുന്നോടിയായിട്ടുള്ള ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖരാണ് പങ്കെടുക്കുന്നത്.

ബില്‍ ഗേറ്റ്‌സ്, മാര്‍ക് സക്കര്‍ബര്‍ഗ്, പോപ്പ് ഗായിക റിഹാന, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍, സൗദി ആരാംകോ ചെയര്‍പേഴ്സണ്‍ യാസിര്‍ അല്‍-റുമയ്യാന്‍, ഡിസ്നി സി.ഇ.ഒ ബോബ് ഐഗര്‍, ശതകോടീശ്വരനായ അമേരിക്കന്‍ ബിസിനസുകാരനും ബ്ലാക്ക്‌റോക്ക് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ചെയര്‍മാനുമായ ലാറി ഫിങ്ക്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് തുടങ്ങി ഈ ലിസ്റ്റ് നീളുന്നു. ആഘോഷ വിരുന്നില്‍ അതിഥികള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2,500ല്‍ അധികം വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് ദിവസത്തേക്ക് മൊത്തം 1,250 കോടി രൂപയാണ് ചെലവ്.

അന്താരാഷ്ട്ര വിമാനത്താവളമായി

ആനന്ദ് അംബാനിയുടെ വിവാഹാത്തിന്റെ ഭാഗമായി 10 ദിവസത്തേക്ക് ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ചു വരെയാണ് ജാംനഗറിനെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര വകുപ്പ്, ആരോഗ്യവകുപ്പ്, ധനവകുപ്പ് എന്നിവയുടെ അനുമതിയോടെ വിമാനത്താവളത്തില്‍ കസ്റ്റംസ്, ഇമിഗ്രേഷന്‍, ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ വകുപ്പിന് കീഴിലുള്ള ജാംനഗര്‍ കോമേഷ്യല്‍ ഫ്‌ളൈറ്റുകള്‍ക്ക് അനുമതിയുള്ള പ്രതിരോധ വിമാനത്താവളമാണ്. 

അതിഥികള്‍ക്ക് ചടങ്ങിനായി എത്തുന്നതിനാണ് ജാംനാഗറിനെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത്. ജാംനഗറില്‍ കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം 400ലേറെ സ്വകാര്യ വിമാനങ്ങള്‍ എത്തി. ജൂലൈ 12ന് മുംബൈയില്‍ വെച്ചാണ് ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം നടക്കുക. എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ സി.ഇ.ഒ വീരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല മെര്‍ച്ചന്‍റിന്‍റെയും മകളാണ് രാധിക മെര്‍ച്ചന്‍റ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com