ആന്ധ്രയിൽ ഷോക്കേറ്റ് വൈദ്യുതി മേഖല; ധവളപത്രവുമായി നായിഡു

മുന്‍ സര്‍ക്കാര്‍ ഉപഭോക്താക്കൾക്കിടയിൽ വൈദ്യുതി നിരക്കിന്റെ അമിത ഭാരം അടിച്ചേല്‍പ്പിച്ചു, സംസ്ഥാനത്തെ ഊര്‍ജ സ്ഥാപനങ്ങളുടെ കടം വർദ്ധിച്ചു, ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുളള മുന്‍ സര്‍ക്കാരിന്റെ കാര്യക്ഷമമല്ലാത്ത ഭരണം മൂലം മേഖല കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി തുടങ്ങിയവയാണ് ധവളപത്രത്തിലെ പ്രധാന ആരോപണങ്ങള്‍.
നിക്ഷേപകർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു
ആന്ധ്രാപ്രദേശിലെ ഊര്‍ജ സ്ഥാപനങ്ങളുടെ വായ്പ 2018-19 ലെ ₹62,826 കോടിയിൽ നിന്ന് 2023-24ൽ ₹112,422 കോടിയായി ഉയർന്നു. വായ്പയില്‍ 79 ശതമാനത്തിന്റെ അതായത് 49,596 കോടി രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. നിക്ഷേപകർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും ആന്ധ്രാ പ്രദേശിന്റെ ബ്രാൻഡ് ഇമേജ്
കളഞ്ഞു കുളിച്ചെന്നും
ധവളപത്രം ആരോപിക്കുന്നു.
താപവൈദ്യുത നിലയങ്ങൾ കമ്മീഷൻ ചെയ്യുന്നതിലെ കാലതാമസത്തിന്റെ ഫലമായി മൊത്തം 12,818 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായത്. പോളവാരം ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്യാനുള്ള കാലതാമസം മൂലം 4,737 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിന് ഉണ്ടാക്കി. ഈ രംഗത്ത് പരിവർത്തനം കൊണ്ടുവരുന്നതിന് ഊര്‍ജ മേഖലാ പരിഷ്‌കാരങ്ങൾ 3.0 ആവശ്യമാണ്. ആന്ധ്രാപ്രദേശിനെ ഊര്‍ജ ഹബ്ബാക്കി മാറ്റുന്നതിന് ഓഹരി പങ്കാളികളിൽ നിന്ന് നിര്‍ദേശങ്ങളും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നതായും ധവളപത്രം പറയുന്നു.
വൈദ്യുതി നിരക്കില്‍ 45 ശതമാനം വർധന
ഗാർഹിക ഉപഭോക്താക്കൾക്കുള്ള ശരാശരി താരിഫ് യൂണിറ്റിന് 3.87 രൂപയിൽ നിന്ന് യൂണിറ്റിന് 5.63 രൂപയായി ആണ് വര്‍ധിച്ചിരിക്കുന്നത്. റെഡ്ഡി സർക്കാരിന്റെ കാലത്ത് 45 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇടത്തരം ഉപഭോക്താക്കൾക്ക് 29 ശതമാനം വരെ താരിഫ് വർദ്ധനയുണ്ടായപ്പോൾ പാവപ്പെട്ട ഉപഭോക്താക്കള്‍ക്ക് 78 മുതല്‍ 98 ശതമാനം വരെ താരിഫ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് 153 ലക്ഷം ഉപഭോക്താക്കളെ ബാധിച്ചു.
പുതിയ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് നായിഡു
ആന്ധ്രാ പ്രദേശ് വൈദ്യുതി മേഖലയ്ക്ക് പുതിയ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. നാലാം തവണയാണ് താന്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ സംസ്ഥാനത്തിന്റെ ഇത്രയും നാശം താൻ കണ്ടിട്ടില്ല. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് തടസ്സമില്ലാത്ത വൈദ്യുതി നൽകുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നായിഡു പറഞ്ഞു.
വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ വൈദ്യുതിയുടെ ഗുണനിലവാരം നിലനിർത്തുന്നതിനുളള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. മുൻ സർക്കാർ ഉണ്ടാക്കിയ കരാറുകൾ എന്തൊക്കെയാണെന്ന് പഠിക്കേണ്ടതുണ്ട്. ഹരിത ഹൈഡ്രജന്‍ പ്രോല്‍സാഹിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Next Story

Videos

Share it