രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം, അങ്കമാലി എം.സി റോഡ് ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

അങ്കമാലി - അരൂർ എന്‍എച്ച് ബൈപാസിന്റെയൊപ്പം എംസി റോഡ് ബൈപാസ് പണികളും പൂർത്തീകരിച്ചാൽ അങ്കമാലി ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് നാട്ടുകാര്‍
Angamaly town
Published on: 

അങ്കമാലി ടൗണിലെ വലിയ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കാവുന്ന പദ്ധതിയാണ് അങ്കമാലി എം.സി റോഡ് ബൈപാസ്. അങ്കമാലി - അരൂർ പുതിയ എന്‍.എച്ച് ബൈപാസ് എം.സി റോഡ് ക്രോസ് ചെയ്യുന്നത് വേങ്ങൂർ ഡബിൾ പാലം ഭാഗത്താണ്. ഇവിടെ നിന്നും ഈ ബൈപാസിന്റെ സർവീസ് റോഡ് വികസിപ്പിച്ച് കോട്ടയം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് തൃശൂർ ഭാഗത്തേക്കും തിരിച്ചും അങ്കമാലി ടൗണിൽ പ്രവേശിക്കാതെ തന്നെ എന്‍എച്ച് 544 ൽ എത്തിചേരാൻ പറ്റുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

അങ്കമാലി - അരൂർ എന്‍എച്ച് ബൈപാസിന്റെയൊപ്പം എംസി റോഡ് ബൈപാസും എത്രയും വേഗം പണികൾ പൂർത്തീകരിച്ചാൽ അങ്കമാലി ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരമാകുമെന്നാണ് കരുതുന്നത്. കൂടാതെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്കും നെടുമ്പാശേരി എയർപോർട്ടിലേക്ക് വരുന്നവർക്കും സഹായകരമായിരിക്കും ഇത്.

പുതിയ എന്‍എച്ച് ബൈപാസ് 8 വരി എക്സ്പ്രസ് ഹൈവേ ആയതിനാല്‍ ബൈപാസിലേക്ക് നേരിട്ട് പ്രവേശനം നൽകാൻ ദേശീയപാത അതോറിറ്റി തയാറാകാൻ സാധ്യത കുറവാണ്. ഈ കാര്യങ്ങൾ ചുണ്ടികാട്ടി മുഖ്യമന്ത്രിക്കും മന്ത്രി റോജി എം ജോണിനും ബെന്നി ബെഹന്നാൻ എംപിക്കും ദേശീയപാത അതോറിറ്റി പാലക്കാട് പ്രോജക്ട് ഡയറക്ടർക്കും കേരള കോൺഗ്രസ് (എം) അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മാർട്ടിൻ ബി മുണ്ടാടൻ പരാതി നൽകി. കേരള സർക്കാർ ദേശീയപാത അതോറിറ്റിയില്‍ സമ്മർദം ചെലുത്തിയാൽ അവരുടെ ചെലവിൽ സർവീസ് റോഡ് വികസിപ്പിച്ച് അങ്കമാലിയുടെ ഭാവി വികസനത്തിന് വളരെ ഉപകാരപ്പെടുന്ന അങ്കമാലി എംസി റോഡ് ബൈപാസ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com