Begin typing your search above and press return to search.
അനില്‍ അംബാനിയുടെ പുതിയ 'സര്‍പ്രൈസ്' കമ്പനിയും മോദിയുടെ സ്വപ്‌ന പദ്ധതിയും തമ്മിലെന്ത് ബന്ധം?
അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പുതിയ മേഖലകളിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പുതിയ സബ്‌സിഡിയറി കമ്പനി രൂപീകരിച്ചു. റിലയന്‍സ് ജയ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍.ജെ.പി.പി.എല്‍) എന്നു പേരിട്ടിരിക്കുന്ന കമ്പനിയുടെ പ്രധാന ലക്ഷ്യം റിയല്‍ എസ്റ്റേറ്റ് രംഗത്ത് നേട്ടങ്ങള്‍ കൊയ്യുകയെന്നതാണ്. ഓഗസ്റ്റ് 12നാണ് കമ്പനി നിലവില്‍ വന്നത്.
എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നവുമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അനിലിന്റെ കടന്നുവരവെന്നത് ശ്രദ്ധേയമാണ്. പി.എം.എ.വൈ. സ്‌കീം നടപ്പിലാക്കുന്നതിലൂടെ ഇടത്തരം ഭവന നിര്‍മാണ മേഖലയില്‍ വലിയ കുതിപ്പുണ്ടാകും. ഈ വളര്‍ച്ച മുന്നില്‍ കണ്ടാണ് അനിലിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അവസ്ഥ
2022 ജൂണ്‍ പാദത്തിനു ശേഷം തുടര്‍ച്ചയായ എട്ടാം പാദത്തിലും അനിലിന്റെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ നഷ്ടം രേഖപ്പെടുത്തി. നഷ്ടത്തിന്റെ തോത് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നത് മാത്രമാണ് ആശ്വാസം പകരുന്നത്. സമീപകാലത്തെ ഏറ്റവും വലിയ വിറ്റുവരവ് നേടാന്‍ കമ്പനിക്ക് ജൂണ്‍ പാദത്തില്‍ സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 2,484 കോടി രൂപയുടെ നഷ്ടമായിരുന്നു റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനുണ്ടായിരുന്നത്. ഇത് കേവലം 93 കോടി രൂപയിലേക്ക് കുറയ്ക്കാനായത് ശുഭസൂചനയായിട്ടാണ് ബിസിനസ് ലോകം കാണുന്നത്.
എന്താണ് പി.എം.എ.വൈ-യു സ്‌കീം
നഗര മേഖലയിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. താഴ്ന്ന വരുമാനക്കാര്‍, സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവര്‍ എന്നിവര്‍ക്കാണ് ഈ സ്‌കീം വഴി ആനുകൂല്യം ലഭിക്കുന്നത്. 35 ലക്ഷം രൂപ വരെ മൂല്യമുള്ള വീടുകള്‍ നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ പലിശയില്‍ 4 ശതമാനം സബ്സിഡി ലഭിക്കും. 25 ലക്ഷം രൂപ വരെ ലോണും പദ്ധതിക്കായി നല്‍കും.
ലോണെടുക്കുന്ന തുകയിലെ ആദ്യത്തെ 8 ലക്ഷം രൂപയ്ക്കാകും ഈ ആനുകൂല്യം ലഭിക്കുക. 12 വര്‍ഷം വരെയാകും സബ്സിഡി ലഭിക്കുക. 1.80 ലക്ഷം രൂപ വരെ ഇത്തരത്തില്‍ സബ്സിഡിയായി ലഭിക്കും. 2015 ജൂണില്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന അര്‍ഹരായ എല്ലാ നഗര ഗുണഭോക്താക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങളോടെയുള്ള വീടുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.
Next Story
Videos