അവസാനിക്കുന്നില്ല, കോവിഡ് നാലാം തരംഗം 6-8 മാസത്തിനുള്ളിലെന്ന് ഐഎംഎ

ഒമിക്രോണ്‍ (Omicron) വകഭേദത്തെ തുടര്‍ന്നുണ്ടായ കോവിഡിന്റെ മൂന്നാം തരംഗത്തെ രാജ്യം അതിജീവിച്ചുവരവെ മുന്നറിയിപ്പുമായി ഐഎംഎ്. പുതിയ കോവിഡ് വകഭേദം വന്നാല്‍ 6-8 മാസത്തിനുള്ളില്‍ രാജ്യത്ത് നാലാം തരംഗം ഉണ്ടാകുമെന്ന് നാഷണല്‍ ഐഎംഎ കോവിഡ് ടാസ്‌ക് ഫോഴ്‌സ് സഹ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. നേരത്തെ കണ്ടത്തിയ ഒമിക്രോണ്‍ ബിഎ.1 ഉപ വകഭേദത്തേക്കാള്‍ കൂടുതല്‍ ബിഎ.2 പകരുന്നുണ്ടെങ്കിലും വലിയ തോതില്‍ വ്യാപിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

വൈറസ് നമുക്ക് ചുറ്റും ഏപ്പോഴുമുണ്ടാകും. അതിന്റെ തോത് കൂടിയും കുറഞ്ഞും കുറേനാള്‍ നിലനില്‍ക്കും. അടുത്ത വകഭേദം എപ്പോഴുണ്ടാകുമെന്നറിയില്ല. മുന്‍കാല അനുഭവങ്ങളില്‍ നിന്നാണ് 6-8 മാസത്തിനുള്ളില്‍ അടുത്ത തരംഗം ഉണ്ടാകുമെന്ന നിഗമനത്തിലെത്തിയതെന്നും ഡോ. രാജീവ് ജയദേവന്‍ വ്യക്തമാക്കി. വാക്‌സിന്റെ പ്രതിരോധ ശേഷിയെ മറികടക്കുന്ന വകഭേദങ്ങള്‍ ഉണ്ടാകാമെന്ന് ഒമിക്രോണ്‍ തെളിയിച്ചു. ഭാവിയില്‍ ഉണ്ടാകാനിടയുള്ള പുതിയ വകഭേദങ്ങളും വാക്‌സിനെ മറികടന്നേക്കാം.
മറ്റൊരു തരംഗം ഉണ്ടാകുന്നതുവരെ ഒമിക്രോണ്‍ വ്യാപനം കുറഞ്ഞ ഘട്ടത്തിലൂടെയാവും നമ്മള്‍ കടന്നു പോവുക. ഈ സമയത്തും വൈറസ് (Virus) ബാധിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും തുടരണമെന്നും ഡോ. രാജീവ് ജയദേവന്‍ നിര്‍ദ്ദേശിച്ചു. ഇന്ന് രാവിലെ കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 15,102 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. 278 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 4,25,67,031 പേര്‍ക്കാണ് ഇതുവരെ കോവിഡ് (Covid19) സ്ഥിരീകരിച്ചത്.


Related Articles
Next Story
Videos
Share it