

ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്തുന്ന യൂറോപ്യന്‍ നഗരങ്ങളുടെ പട്ടിക നീളുകയാണ്. കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന പല നഗരങ്ങളും ഇത്തരത്തില്‍ മാറി ചിന്തിക്കുകയാണ്. ഈ പട്ടികയിലേക്ക് എത്തിയിരിക്കുന്നത് സ്‌കോട്‌ലന്‍ഡിലെ അബേര്‍ഡീന്‍ (Aberdeen) നഗരമാണ്. 2027 ഏപ്രില്‍ ഒന്നുമുതല്‍ സന്ദര്‍ശകരില്‍ നിന്ന് 7 ശതമാനം ലെവി പിരിക്കുമെന്നാണ് അബേര്‍ഡീന്‍ സിറ്റി കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നഗരത്തിലെ ഹോട്ടല്‍, ഗസ്റ്റ് ഹൗസ്, ഹോസ്റ്റല്‍സ് എന്നിവിടങ്ങളില്‍ ഒരു രാത്രിയെങ്കിലും തങ്ങുന്നവരില്‍ നിന്നാകും ഇത്തരത്തില്‍ തുക ഈടാക്കുക. ഈ പണം നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. 70 പൗണ്ടെങ്കിലും താമസത്തിനായി ചെലവഴിക്കുന്നവര്‍ അധികമായി 4.90 പൗണ്ട് ലെവിയായി നല്‌കേണ്ടി വരും.
ഇത്തരത്തില്‍ ശേഖരിക്കുന്ന പണം ഉപയോഗിച്ച് പൊതുസ്ഥലങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട്, കനാലുകള്‍ എന്നിവ വൃത്തിയായി പരിപാലിക്കുമെന്ന് അധികൃതര്‍ പറയുന്നു. സഞ്ചാരികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്താന്‍ ഇതുവഴി സാധിക്കും. ഒരു വര്‍ഷം ഏകദേശം 20 ലക്ഷം പേര്‍ അബേര്‍ഡീന്‍ നഗരത്തില്‍ വിനോദസഞ്ചാരത്തിനായി എത്തുന്നുവെന്നാണ് കണക്ക്.
സ്‌കോട്‌ലന്‍ഡിലെ തന്നെ ഗ്ലാസ്‌കോ, എഡിന്‍ബറോ തുടങ്ങിയ നഗരങ്ങള്‍ ഈ വര്‍ഷം മുതല്‍ സന്ദര്‍ശകരില്‍ നിന്ന് അഞ്ചുശതമാനം സന്ദര്‍ശക നികുതി ഈടാക്കുന്നുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഇത്തരത്തില്‍ അധികവരുമാനം കണ്ടെത്താന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാരെ ബാധിക്കുന്നതാണ് ഇത്തരം ടൂറിസ്റ്റ് നികുതികള്‍. യൂറോപ്പിലെ ചില നഗരങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഉയര്‍ന്ന ടൂറിസ്റ്റ് ടാക്‌സ് ഈടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine