Begin typing your search above and press return to search.
ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; വിദ്വേഷ പ്രചാരണം വരുത്തിവെച്ച വിന
വ്യാജമായ ഒരു പ്രചാരണം എത്രത്തോളം ആപല്‍ക്കരമായ സാഹചര്യങ്ങളിലേക്ക് എത്തിക്കും? അതിന് പുതിയ ഉദാഹരണമായി മാറുകയാണ് ബ്രിട്ടണ്‍. തെറ്റായ വിവരം അവിടെ വര്‍ഗീയ ലഹളയായി മാറിയിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് സൗത്ത് പോര്‍ട്ടിലെ കുട്ടികളുടെ ഡാന്‍സ് ക്ലാസില്‍ മൂന്ന് പെണ്‍കുട്ടികള്‍ കുത്തേറ്റു മരിച്ചത്. ഒരു അക്രമി ക്ലാസിലേക്ക് അതിക്രമിച്ചു കയറി കുട്ടികളെ കുത്തിക്കൊല്ലുകയായിരുന്നു.
ആരാണ് അതു ചെയ്തത്? പ്രതിയെന്നു കരുതുന്നയാള്‍ ഇസ്‌ലാമിക തീവ്രവാദിയാണെന്ന ഊഹാപോഹം പരന്നു. ഇസ്‌ലാം ബ്രിട്ടനില്‍ കൂടുതല്‍ സ്വാധീനം നേടുന്ന കാലമാണ്. ബ്രിട്ടനില്‍ ജനിച്ചയാളാണ് പ്രതിയെന്ന് പൊലീസും ക്രൈസ്തവനാണെന്ന് മാധ്യമങ്ങളും പറഞ്ഞു. പക്ഷേ, അക്രമാസക്ത സംഘങ്ങള്‍ വിവിധ നഗരങ്ങളില്‍ തെരുവില്‍ അഴിഞ്ഞാടുകയാണ്. അത് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭമായി വളര്‍ന്നിരിക്കുന്നു. അഭയകേന്ദ്രങ്ങളും ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളുമൊക്കെ കത്തിക്കുന്നു. കല്ലേറു നടത്തുന്നു.
13 വര്‍ഷത്തിനിടയില്‍ ബ്രിട്ടണ്‍ കണ്ട രൂക്ഷമായ ലഹള
13 വര്‍ഷത്തിനിടയില്‍ ബ്രിട്ടണ്‍ കണ്ട ഏറ്റവും രൂക്ഷമായ കലാപമായി ഇത് മാറിയിരിക്കുകയാണ്. നിയന്ത്രിക്കാന്‍ ഭരണകൂടവും പൊലീസും പ്രയാസപ്പെടുന്നു. ബര്‍മിങ് ഹാം, റോതര്‍ഹാം, മിഡില്‍ ബ്രോ, റോത്തര്‍ഹാം തുടങ്ങി പല നഗരങ്ങളിലും മുഖംമൂടി ധരിച്ചവരുടെ അഴിഞ്ഞാട്ടമാണ്. കടുത്ത വലതുപക്ഷ വാദികള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത യു.കെ പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ആണയിട്ടു. അക്രമത്തിന് ന്യായീകരണമൊന്നുമില്ല, അതു നടത്തുന്നവര്‍ ഖേദിക്കും, ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, കുടിയേറ്റവിരുദ്ധ പ്രക്ഷോഭം അമര്‍ന്നു തുടങ്ങിയിട്ടില്ല.
ദിവസങ്ങളായി അതു തുടരുന്നത് ബ്രിട്ടന്റെ സാമ്പത്തിക, വിപണി പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തുകയാണ്. സമാധാനമില്ലെങ്കില്‍, സാമ്പത്തിക പ്രവര്‍ത്തനം മുടങ്ങും. പുരോഗതി പിന്നോട്ടടിക്കുമെന്നും കൂട്ടിച്ചേര്‍ക്കാം.
Next Story
Videos