കേരളം ചിത്രത്തിലില്ല! എന്നാല്‍ ട്രംപിന്റെ അപ്രിയത്തിനിടയിലും ഐഫോണിന്റെ പ്രിയപ്പെട്ട ഇടമായി ദക്ഷിണേന്ത്യ; ഹോന്‍ഹായ് നിക്ഷേപിക്കുന്നത് 12,860 കോടി; തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ടാറ്റയുടെ പ്ലാന്‍ ഇങ്ങനെ

ആകെയുള്ളതില്‍ 70-80 ശതമാനം ഐഫോണുകളും നിലവില്‍ തമിഴ്‌നാട്ടിലാണ് നിര്‍മിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
Apple Iphone
Apple Iphonecanva
Published on

ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടയിലും രാജ്യത്തെ ഐഫോണ്‍ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നു. ഐഫോണുകളുടെ പ്രധാന നിര്‍മാതാക്കളായ തായ്‌വാനീസ് കമ്പനി ഹോന്‍ ഹായ് (Hon Hai) പ്രിസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി ഇന്ത്യയില്‍ 1.5 ബില്യന്‍ ഡോളര്‍ (ഏകദേശം 12,860 കോടി രൂപ) നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫോക്‌സ്‌കോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്തമായ കമ്പനിയാണ് ഹോന്‍ ഹായ്. സിംഗപ്പൂരിലെ സബ്‌സിഡിയറി കമ്പനി വഴിയാണ് നിക്ഷേപമെന്ന് ഓഹരി വിപണിയിലെ ഫയലിംഗില്‍ കമ്പനി അറിയിച്ചു. സൗത്ത് ഇന്ത്യയില്‍ പുതിയ പ്ലാന്റുകള്‍ നിര്‍മിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്ന കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസില്‍ വില്‍ക്കുന്ന ഐഫോണുകളെല്ലാം ഇന്ത്യന്‍ നിര്‍മിതമാകുമെന്ന് അടുത്തിടെ ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ട്രംപ് ശക്തമായാണ് വിമര്‍ശിച്ചത്. ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ ആപ്പിള്‍ ഫോണുകളില്‍ ഭൂരിഭാഗവും ചൈനയിലാണ് നിര്‍മിക്കുന്നത്. യു.എസില്‍ ആപ്പിളിന് നിര്‍മാണ യൂണിറ്റുകള്‍ ഇല്ല. എന്നാല്‍ അടുത്ത നാല് വര്‍ഷം കൊണ്ട് യു.എസില്‍ 500 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും കൂടുതല്‍ പേരെ ജോലിക്ക് എടുക്കുമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. ചൈനീസ് നിര്‍മിത ഉത്പന്നങ്ങള്‍ക്ക് യു.എസ് ഇനിയും തീരുവ ചുമത്താനുള്ള സാധ്യതയുള്ളതിനാല്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാനാണ് ഹോന്‍ ഹായ്‌യുടെ തീരുമാനം.

പുതിയ പ്ലാന്റ് ബംഗളൂരുവില്‍?

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയിലാണ് നിലവില്‍ ഫോക്‌സ്‌കോണ്‍ ഐഫോണുകള്‍ നിര്‍മിക്കുന്നത്. അടുത്ത് തന്നെ ബംഗളൂരുവില്‍ മറ്റൊരു പ്ലാന്റ് തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈന കഴിഞ്ഞാല്‍ ഫോക്‌സ്‌കോണിന്റെ ഏറ്റവും വലിയ പ്ലാന്റായിരിക്കുമിത്. മണിക്കൂറില്‍ 300 മുതല്‍ 500 വരെ ഐഫോണുകള്‍ നിര്‍മിക്കാന്‍ ഈ പ്ലാന്റിന് ശേഷിയുണ്ടാകും. അരലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനും പ്ലാന്റിനാകുമെന്നാണ് വിവരം.

ഐഫോണ്‍ ഹബ്ബാകാന്‍ സൗത്ത് ഇന്ത്യ

പുതിയ ഫാക്ടറികള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഇന്ത്യയുടെ ഐഫോണ്‍ ഹബ്ബെന്ന സ്ഥാനം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. അതില്‍ തന്നെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും മാത്രമാണ് ഐഫോണുകള്‍ നിര്‍മിക്കുന്നത്. ആകെയുള്ളതില്‍ 70-80 ശതമാനം ഐഫോണുകളും നിലവില്‍ തമിഴ്‌നാട്ടിലാണ് നിര്‍മിക്കുന്നത്. ബംഗളൂരുവിലെ പുതിയ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഈ കണക്കില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ ആപ്പിള്‍ എയര്‍പോഡുകള്‍ നിര്‍മിക്കുന്ന ഒരു പ്ലാന്റ് ഹൈദരാബാദിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Apple's key partner Foxconn (Hon Hai) invests $1.5 billion in its Indian subsidiary to boost iPhone manufacturing and diversify beyond China.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com