ചൈനയെ വിട്ട് ഇന്ത്യയിലേക്ക് വരാന്‍ നീക്കവുമായി ആപ്പിള്‍

അമേരിക്കന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ചൈനയില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പില്‍. പദ്ധതി നടപ്പാകുന്ന പക്ഷം, കമ്പനിയുടെ അഞ്ചിലൊന്ന് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം ഇന്ത്യയില്‍ നിന്നാകും.

ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റുന്നത് വഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണമാണ് ഇവിടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് കരാറിനു രൂപം നല്‍കാന്‍ ആപ്പിള്‍ ചര്‍ച്ച നടത്തുന്നുണ്ട്.രാജ്യത്ത് സ്മാര്‍ട്ട് ഫോണുകളുടെയും ഇലക്ട്രോണിക് വസ്തുക്കളുടെയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ ആപ്പിളിന്റെ എക്സിക്യൂട്ടീവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് ആപ്പിള്‍ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം.

നേരത്തെ പല വന്‍കിട നിര്‍മ്മാതാക്കളും ചൈന വിട്ട് ഇന്ത്യയിലേക്ക് വരാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഗോളതലത്തില്‍ മുന്നില്‍ നില്‍ക്കുന്ന സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഇന്ത്യയിലെ ചുവടുകള്‍ ദൃഢമാക്കുന്നത്.ആപ്പിളിനു പുറമേ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗ്, ലാവ തുടങ്ങിയവയുടെ എകസ്‌ക്യൂട്ടീവുകളുമായും മോദി ചര്‍ച്ച നടത്തിയിരുന്നു.

ഭാവിയില്‍ ആപ്പിളിനെ മാതൃകയാക്കി കൂടുതല്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക് വരുമെന്നാണ് വിലയിരുത്തുന്നത്. മറ്റ് രാജ്യങ്ങള്‍ വിട്ട് ഇന്ത്യയില്‍ ഉത്പാദം ആരംഭിക്കുന്ന കമ്പനികളെ സ്വാഗതം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.ഇന്ത്യയില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി മൂന്ന് പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിനിടയില്‍ ആപ്പിള്‍ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റുന്നത് സാമ്പത്തികമായി ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it