മെസിയും അര്‍ജന്റീന ഫുട്ബോള്‍ ടീമും കേരളത്തിലേക്ക്, വരുന്നത് കോടികളുടെ വരുമാനം; ടൂറിസം മേഖലയ്ക്കും ഉണര്‍വേകും

കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന സുവര്‍ണാവസരമാകും അര്‍ജന്റീനയുടെ വരവ്‌
മെസിയും അര്‍ജന്റീന ഫുട്ബോള്‍ ടീമും കേരളത്തിലേക്ക്, വരുന്നത് കോടികളുടെ വരുമാനം; ടൂറിസം മേഖലയ്ക്കും ഉണര്‍വേകും
Published on

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലേക്കുള്ള അടുത്ത വര്‍ഷത്തെ വരവ് ഉറപ്പിച്ചത് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കുതിപ്പാകും. ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റൈന്‍ നിരയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. കേരളത്തിന്റെ ടൂറിസം മികവ് ലോകത്തിന് മുന്നില്‍ ഉയര്‍ത്തി കാട്ടാന്‍ ലഭിക്കുന്ന അവസരമാണ് ലോക ചാമ്പ്യന്മാരുടെ വരവ്.

നൂറു കോടി രൂപയോളം വരും അര്‍ജന്റീനയുടെ മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍. സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ വഴി ഈ തുക കണ്ടെത്താനാണ് സര്‍ക്കാരിന്റെ നീക്കം. കേരള ടൂറിസത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്നത് വഴി ഇതിന്റെ ഇരട്ടയിലധികം വരുമാനം കണ്ടെത്താമെന്നാണ് പ്രതീക്ഷ.

ടൂറിസത്തിന് ഉണര്‍വ്

കേരള ടൂറിസത്തിന് വിദേശ രാജ്യങ്ങളില്‍ പ്രചാരണം നല്‍കാന്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ മുടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ഫുട്‌ബോള്‍ ടീം എത്തുന്നതുവഴി വലിയ റീച്ച് കേരള ടൂറിസത്തിന് ലഭിക്കും. ഇത് ഭാവിയില്‍ വലിയ ടൂറിസം കുതിപ്പിനും വഴിയൊരുക്കും.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാകും മല്‍സരത്തിന് വേദിയാകുകയെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് മല്‍സരങ്ങളാകും പര്യടനത്തില്‍ ഉണ്ടാകുക. 40,000ത്തിന് മുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുള്ളതാണ് കൊച്ചിയിലെ സ്റ്റേഡിയം. ഈ മല്‍സരം കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ആരാധകരെത്തും. കൊച്ചിയുടെ ബിസിനസ് കുതിപ്പിന് അര്‍ജന്റീനയുടെ വരവ് വഴിയൊരുക്കും.

കൊച്ചിയിലെത്തുന്ന ആരാധകരുടെ 10 ശതമാനം എങ്കിലും സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ അതുവഴി ലഭിക്കുന്ന വരുമാനം തന്നെ കോടികളാകും. കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ചെറുകിട വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ നേട്ടമുണ്ടാകും.

പിന്തുണയുമായി വ്യാപാര സമൂഹം

കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തിയെന്നും ഇവര്‍ സഹകരണത്തിന് സന്നദ്ധത അറിയിച്ചെന്നും കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നരമാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ് തീരുമാനം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com