തൊഴിലില്ലായ്മ കുറയ്ക്കാന്‍ ഹ്രസ്വകാല സൈനിക സേവന പദ്ധതിക്കു നിര്‍ദ്ദേശം

തൊഴിലില്ലായ്മ കുറയ്ക്കാന്‍ ഹ്രസ്വകാല സൈനിക സേവന   പദ്ധതിക്കു നിര്‍ദ്ദേശം
Published on

കോവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മാ പ്രതിസന്ധി നേരിടാന്‍ യുവാക്കള്‍ക്ക് സൈന്യത്തില്‍ ഹ്രസ്വകാല സര്‍വീസിന് അവസരമൊരുക്കുന്നതിനു നിര്‍ദ്ദേശം. മൂന്നു വര്‍ഷത്തെ 'ടൂര്‍ ഓഫ് ഡ്യൂട്ടി' അല്ലെങ്കില്‍ 'ഇന്റേണ്‍ഷിപ്പ്' എടുക്കുന്നതിനു കരസേന കൊണ്ടുവന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിവരുന്നതായാണ് സൂചന.

വലിയ സാമ്പത്തിക ബാധ്യതകള്‍ വരാതെ സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ ഇതുവഴി സാധിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.

പ്രതിരോധ സേവനങ്ങളെ സ്ഥിരമായ തൊഴിലാക്കി മാറ്റാന്‍ ആഗ്രഹിക്കാത്ത, എന്നാല്‍ സൈനിക പ്രൊഫഷണലിസത്തിന്റെ ആവേശവും സാഹസികതയും അനുഭവിക്കാന്‍ ഇഷ്ടപ്പെടുന്നവരെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യുവാക്കളില്‍ രാജ്യസ്നേഹവും ദേശീയ ബോധവും വളര്‍ത്താന്‍ പദ്ധതി ഉപകരിക്കുമെന്നാണു നിരീക്ഷണം.

നിലവില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥയില്‍ സൈന്യത്തില്‍ പ്രവേശിക്കുന്നവര്‍ 10 മുതല്‍ 14  വര്‍ഷത്തിന് ശേഷം വിരമിക്കും. തങ്ങളുടെ 30-ാം വയസില്‍ ഇവര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമടക്കം വലിയൊരു തുകയാണ് ഇവര്‍ക്കായി പ്രതിരോധ മന്ത്രാലയം ചിലവിടുന്നത്. അഞ്ചു കോടി മുതല്‍ 6.8 കോടി രൂപവരെ ഒരു സൈനികനു വേണ്ടി രാജ്യം ഇക്കാലയളവില്‍ ചെലവഴിക്കുന്നു. മൂന്നു വര്‍ഷത്തെ ടൂര്‍ ഓഫ് ഡ്യൂട്ടി ആകുമ്പോള്‍ ഇത് 80 മുതല്‍ 85 ലക്ഷം വരെ മാത്രമേ ആകുകയുള്ളുവെന്നാണ് കണക്ക്.

സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പദ്ധതിയില്‍ വിശദീകരിക്കുന്നത്. ഇത്തരത്തില്‍ അച്ചടക്കവും സമര്‍പ്പണ ബോധവുമുള്ള യുവാക്കളെ കോര്‍പ്പറേറ്റ് മേഖലയിലും ആവശ്യമുണ്ടാകും. മൂന്നു വര്‍ഷത്തെ  വരുമാനം നികുതി രഹിതമായിരിക്കണം. ഇതിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ക്ക് ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

പരീക്ഷണമെന്ന നിലയില്‍ തിരഞ്ഞെടുത്ത ചില ഒഴിവുകളിലേക്ക് മാത്രം ഇത്തരത്തില്‍ നിയമനം നടത്താമെന്നും വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ വിപുലമാക്കാമെന്നുമാണ് നിര്‍ദ്ദേശം. സൈനിക സേവനം സംബന്ധിച്ച നിര്‍വചനങ്ങളില്‍ മാറ്റം വരുമെങ്കിലും സൈനിക സേവനത്തിന്റെ രീതികളിലുള്ള നിബന്ധനകളില്‍ ഇളവനുവദിക്കില്ല.അതേസമയം, യുവാക്കള്‍ക്കുള്ള നിര്‍ബന്ധ സൈനിക സേവനമാകില്ല ഇത്. ഇന്ത്യയില്‍ തൊഴിലില്ലായ്മ ഒരു യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ ദേശസ്‌നേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായിട്ടുണ്ടെന്നും പദ്ധതി നിര്‍ദ്ദേശത്തില്‍ പറയുന്നു. ഈ നീക്കം സായുധ സേനയിലെ സ്ഥിരമായ സേവന സങ്കല്‍പ്പത്തില്‍ നിന്ന് കൂടുതല്‍ താല്‍ക്കാലികത്തിലേക്കുള്ള മാറ്റമാണ്. നിര്‍ദ്ദേശം ഇപ്പോഴും 'പരിഗണനയിലാണ്' എന്ന് കരസേനാ വൃത്തങ്ങള്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com