
പൊതുമേഖ ബാങ്കുകളുടെ നിയന്ത്രണത്തിലുള്ള സബ്‌സിഡയറി കമ്പനികളുടെ പ്രാരംഭ ഓഹരി വില്പനയുടെ (IPO) വേഗത കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഓഹരി വിപണിയിലെ അനുകൂല സാഹചര്യം മുതലെടുത്ത് കൂടുതല്‍ മൂലധനം സ്വരൂപിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം. ഇത്തരത്തില്‍ 15ഓളം സബ്‌സിഡയറി കമ്പനികളുടെ ഓഹരി വില്പനയ്ക്കായി പൊതുമേഖല ബാങ്കുകള്‍ നടപടി തുടങ്ങിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സബ്‌സിഡിയറി കമ്പനികളോ സംയുക്ത സംരംഭങ്ങളോ ആയവയുടെ ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന തുക അതാത് സംരംഭങ്ങളുടെ വികസനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഉടമസ്ഥതയിലുള്ള എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ്, എസ്.ബി.ഐ പേയ്‌മെന്റ് സര്‍വീസസ് എന്നിവയുടെ ഓഹരി വില്പന അധികം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.
2009ലാണ് എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിക്കുന്നത്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 509 കോടി രൂപ ലാഭം നേടാനും കമ്പനിക്ക് സാധിച്ചിരുന്നു. സംയുക്ത സംരംഭകത്വത്തില്‍ നാപ്പിയന്‍ ഓപ്പര്‍ച്യൂണിറ്റീസിനും പങ്കാളിത്തമുണ്ട്. എസ്.ബി.ഐയുടെ ഓഹരിപങ്കാളിത്തം 68.99 ശതമാനമാണ്.
ഹിറ്റാച്ചി പെയ്മന്റ് സര്‍വീസസുമായി ചേര്‍ന്നുള്ള എസ്.ബി.ഐ പേയ്‌മെന്റ് സര്‍വീസസില്‍ എസ്.ബി.ഐക്ക് 74 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഓഹരി വില്പനയിലേക്ക് ഇറങ്ങിയാല്‍ ഈ കമ്പനിയിലെ എസ്.ബി.ഐയുടെ ഓഹരി പങ്കാളിത്തം കുറയും.
പ്രമുഖ പൊതുമേഖല ബാങ്കായ കനറാ ബാങ്ക് അവരുടെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ കനറാ റോബേക്കോ എ.എം.സിയുടെ (Canara Robeco AMC) ഓഹരി വില്പന നീക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. കനറാ ബാങ്കിന്റെ മറ്റൊരു സംയുക്ത സംരംഭം, കനറാ എച്ച്.എസ്.ബി.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും ( Canara HSBC Life Insurance Company) ഓഹരി വില്പനയുടെ പാതയിലാണ്.
സബ്‌സിഡിയറി കമ്പനികളുടെ ഓഹരി വില്പന വൈകില്ലെന്ന വാര്‍ത്ത പൊതുമേഖല ബാങ്ക് ഓഹരികളിലും ഇന്ന് ഉണര്‍വുണ്ടാക്കി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India) ഓഹരികള്‍ ഇന്ന് 1.20 ശതമാനം ഉയര്‍ന്നു. കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എസ്.ബി.ഐ ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine