

ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം, തെറാപ്പി എന്നിവ മെച്ചപ്പെടുത്തുന്നതിന് പതിനൊന്നാം ക്ലാസുകാരന്‍ ആരുഷ് പഞ്ചോലിയുടെ നേതൃത്വത്തില്‍ മാവേലിക്കര ജ്യോതിസ് സ്‌പെഷ്യല്‍ സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 'റൈസ് ലാബ്' (RISE Labs - Robotics for Inclusive STEM Education) ഒരുക്കി.
സ്റ്റെം അക്‌സസ് ഫോര്‍ ഇക്വിറ്റി ഫൗണ്ടേഷന്‍ (STEM Access for Equity -SAFE Foundation) എന്ന ആരുഷിന്റെ സംരംഭത്തിന് കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇമേഴ്‌സീവ് ലാബ്, വെര്‍ച്വല്‍ റിയാലിറ്റി (VR) തെറാപ്പി സംവിധാനം, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ ഉള്‍പ്പെടുന്ന ഈ ലാബുകളുടെ ഉദ്ഘാടനം ബിഷപ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത നിർവഹിച്ചു.
ദുബായ് ജെംസ് മോഡേണ്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ആരുഷ് പഞ്ചോലി ഗുജറാത്ത് സ്വദേശിയാണ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യുണീക് വേള്‍ഡ് റോബോട്ടിക്സിലെ (UWR) വിദ്യാര്‍ത്ഥിയുമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുണീക് വേള്‍ഡ് റോബോട്ടിക്സില്‍ പരിശീലനം നേടുന്ന ആരുഷ്, പ്രോജക്ടിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ റോബോട്ടിക്സ് ക്ലാസുകള്‍ എടുക്കുന്നതിനിടയിലാണ് ജ്യോതിസ് സ്‌പെഷ്യല്‍ സ്‌കൂളിലെത്തുന്നത്.
സ്‌കൂളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ ആരുഷ്, ദുബായിലെ വിവിധ സംഘടനകളുമായി സഹകരിച്ചും വീക്കെന്‍ഡ് സെയിലുകള്‍ നടത്തിയുമാണ് 10 ലക്ഷത്തോളം രൂപ സമാഹരിച്ചത്. ഈ തുക ഉപയോഗിച്ച് സ്ഥാപിച്ച ലാബുകളുടെ നിര്‍വ്വഹണവും നടത്തിപ്പും യുണീക് വേള്‍ഡ് റോബോട്ടിക്സാണ് ഏകോപിപ്പിച്ചത്. റോബോട്ടിക്സിലെ ലോകോത്തര നിലവാരമുള്ള നിരവധി മത്സരങ്ങളിലെ വിജയിയാണ് ഈ യുവപ്രതിഭ. കേരളത്തിലെ പത്തോളം സ്‌കൂളുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കണമെന്നാണ് ആരുഷിന്റെ ആഗ്രഹം.
Read DhanamOnline in English
Subscribe to Dhanam Magazine