യു.എസില്‍ പോയത് ബേബി സിറ്റിങ്ങിനോ! ജോലിയില്ലാതെ, കുട്ടികളെ നോക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ഒരു കാലത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സ്ഥലമായിരുന്നു യു.എസ്. പഠന സൗകര്യങ്ങളും പാര്‍ട്ട് ടൈം ജോലിയും അടക്കം മികച്ച ജീവിത നിലവാരമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറുകയാണ്.
യുഎസ് മാനദണ്ഡങ്ങൾ അനുസരിച്ച് വിദ്യാർത്ഥികൾക്ക് ക്യാമ്പസ് ജോലികൾ മാത്രമാണ് ചെയ്യാൻ അനുവാദമുള്ളത്. എന്നാല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും അവരുടെ ചെലവുകൾ കണ്ടെത്താനായി പുറത്ത് പാർട്ട് ടൈം ജോലി അനൗദ്യോഗികമായി കണ്ടെത്തുന്നത് പതിവാണ്. അതേസമയം ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവിടങ്ങളില്‍ ഒന്നും ജോലിക്കാരെ വേണ്ടാത്ത അവസ്ഥയാണ്.

പ്രതിസന്ധി രൂക്ഷം

വിപണിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായാതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്. വിദ്യാര്‍ത്ഥികള്‍ യു.എസില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ കുടുംബങ്ങളെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഇത്തരം കുടുംബങ്ങളിലെ ചെറിയ കുട്ടികളെ പരിപാലിക്കുന്ന ജോലികളാണ് (ബേബി സിറ്റിംഗ്) ആണ് ഇവരെ പ്രധാനമായും തേടിയെത്തുന്നത്.
തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കേരള തുടങ്ങിയവിടങ്ങളില്‍ നിന്നുളള ഒട്ടേറെ വിദ്യാര്‍ത്ഥികളാണ് ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ 13 ഡോളറിനും 18 ഡോളറിനും (1,000 രൂപ മുതല്‍ 1,500 രൂപ വരെ) ഇടയിലുളള വേതനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
താൻ ആറ് വയസ്സുള്ള ആൺകുട്ടിയെ ഒരു ദിവസം ഏകദേശം എട്ടു മണിക്കൂര്‍ നോക്കുന്നുണ്ടെന്ന് ഒഹായോയിൽ പഠിക്കുന്ന ഹൈദരാബാദിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു. മണിക്കൂറിന് 13 ഡോളറാണ് പ്രതിഫലം ലഭിക്കുന്നത് കൂടാതെ ഭക്ഷണവും അവിടെ നിന്ന് കിട്ടുമെന്നും ഈ വിദ്യാർത്ഥി പറയുന്നു.
തനിക്ക് ഭക്ഷണവും താമസ സൗകര്യവും കുടുംബം നൽകുന്നുണ്ടെന്ന് കണക്റ്റിക്കട്ടില്‍ താമസിക്കുന്ന മറ്റൊരു വിദ്യാർത്ഥിനി പറയുന്നു. ആഴ്ചയിൽ ആറ് ദിവസവും രണ്ടര വയസുള്ള കുഞ്ഞിനെ പരിപാലിക്കണം. ആ ആറ് ദിവസവും ഭക്ഷണവും താമസവും കുട്ടിയുടെ മാതാപിതാക്കളാണ് നല്‍കുന്നത്. ഞായറാഴ്ചകളിൽ താൻ സുഹൃത്തിൻ്റെ മുറിയിലാണ് താമിസിക്കുന്നതെന്നും ഈ വിദ്യാര്‍ത്ഥിനി പറയുന്നു.

വാടകയിനത്തില്‍ വേണ്ടത് 25,000 രൂപ

ഒരു ഇന്ത്യന്‍ വിദ്യാർത്ഥിക്ക് യു.എസിൽ പ്രതിമാസം ശരാശരി 300 ഡോളറാണ് (25,000 രൂപ) വാടകയിനത്തില്‍ ആവശ്യമുളളത്. ടെക്സസിൽ ഏകദേശം 39,000 വിദ്യാര്‍ത്ഥികളും, ഇല്ലിനോയിസിൽ 20,000 വിദ്യാര്‍ത്ഥികളും, ഒഹായോയിൽ 13,500 വിദ്യാര്‍ത്ഥികളും, കണക്റ്റിക്കട്ടിൽ 7,000 വിദ്യാര്‍ത്ഥികളുമാണ് ഇന്ത്യയില്‍ നിന്നുളളതെന്നാണ് ഓപ്പൺ ഡോർസ് (Open Doors) 2024 റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കാലിഫോർണിയ, ടെക്‌സസ്, ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിര താമസമുളള ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടുതലായി ഉളളത്. ഇവിടങ്ങളില്‍ ഒരുപാട് വിദ്യാര്‍ത്ഥികളെ ബേബി സിറ്റിംഗിന് ലഭിക്കുന്നുണ്ട്. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബേബി സിറ്റിംഗിന് ലഭിക്കുന്ന വേതനം കുറവാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Related Articles
Next Story
Videos
Share it