നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കെ പടിയിറക്കം, ആഷ്‌ലി ബാര്‍ട്ടി എന്ന ബ്രാന്‍ഡിന്റെ ഭാവി

സെറീന വില്യംസ് 1999ല്‍ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കുമ്പോള്‍ ആഷ്‌ലി ബാര്‍ട്ടിക്ക് മൂന്ന് വയസ് മാത്രമാണ് പ്രായം. സെറീന നാല്‍പ്പതാം വയസിലും കളി തുടരുമ്പോള്‍ സൗഭാഗ്യങ്ങളൊക്കെ സ്വയം ഉപേക്ഷിച്ച് ഇരുപത്തഞ്ചാം വയസില്‍ ആഷ്‌ലി ബാര്‍ട്ടി ടെന്നീസിനോട് വിടപറയുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ട് മാസം തികയും മൂമ്പ്, ലോക ഒന്നാം നമ്പര്‍ ആയി തുടരുമ്പോഴാണ് ബാര്‍ട്ടിയുടെ അപ്രതീക്ഷിത നീക്കം.

2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, കഴിഞ്ഞ വര്‍ഷം വിമ്പിള്‍ഡണ്‍, ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍- കരിയറില്‍ സന്തോഷത്തിന്റെ പൂര്‍ണതയില്‍ എത്തിയെന്നാണ് ബാര്‍ട്ടി വിരമിക്കള്‍ പ്രഖ്യാപനവേളയില്‍ അറിയിച്ചത്. കായിക താരമെന്ന നിലയിലല്ല, ഒരു വ്യക്തിയെന്ന നിലയില്‍ സ്വപ്‌നങ്ങള്‍ ഏറെയുണ്ടെന്നാണ് ബാര്‍ട്ടി പറയുന്നത്. തന്റെ കരിയറില്‍ ഇതുവരെ 182 കോടിയോളം രൂപയാണ് ബാര്‍ട്ടിക്ക് പ്രൈസ് മണിയായി ലഭിച്ചത്. മൂപ്പതുകള്‍ വരെ നീണ്ടേക്കാമായിരുന്ന കരിയറും അതിലൂടെ ലഭിക്കുമായിരുന്ന വലിയ സൗഭാഗ്യങ്ങളും വേണ്ടന്ന് വെയ്ക്കുമ്പോള്‍ ആഷ്‌ലി ബാര്‍ട്ടി എന്ന ബ്രാന്‍ഡ് അവസാനിക്കുകയാണോ. ഓസ്‌ട്രേലിയ എന്ന രാജ്യത്ത് ബാര്‍ട്ടിക്ക് ലഭിക്കുന്ന സ്വീകാര്യത കളിക്കളത്തിലും പുറത്തും ഒരുപോലെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. യുവതലമുറയുടെ റോള്‍ മോഡല്‍.
41 വര്‍ഷത്തിന് ശേഷം വിമ്പിള്‍ഡണ്‍ നാട്ടിലേക്കെത്തിച്ച വനിത എന്ന നിലയില്‍ ഓസ്‌ട്രേലിയയില്‍ ബാര്‍ട്ടി ഉണ്ടാക്കിയ ഓളം ചില്ലറയല്ല. 'കായിരംഗത്തെ അവരുടെ നേട്ടങ്ങളുടെ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു.അവരുടെ പുതിയ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ഒപ്പം തുടരുകയും ചെയ്യും' ബാര്‍ട്ടിയുടെ മുഖ്യ സ്‌പോണ്‍സര്‍ ഫില, താരത്തിന്റെ വിടവാങ്ങലിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. താരത്തിന്റെ ഈ ശക്തമായ തീരുമാനവും അതിനെ തുടര്‍ന്ന് ലഭിച്ച വാര്‍ത്താ പ്രാധാന്യവും ഒക്കെ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ബാര്‍ട്ടിയുടെ മൂല്യം ഉയര്‍ത്തുക മാത്രമാണ് ചെയ്തതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കമ്പനികള്‍ ഈ അവസരം പ്രയോജനപ്പെടുത്താനായിരിക്കും ശ്രമിക്കുക.
ഫിലയെ കൂടാതെ ജാഗ്വാര്‍, ഹെഡ്, ഊബര്‍ ഈറ്റ്‌സ് എഐഎ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുമായി ബാര്‍ട്ടി സഹകരിക്കുന്നുണ്ട്. എന്നാല്‍ ഭാവിയില്‍ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ തന്റെ മൂല്യം ഉപയോഗപ്പെടുത്തണമോ എന്നത് ബാര്‍ട്ടിയുടെ മാത്രം തീരുമാനം ആവും. കൂടാതെ ഇനി ഏത് മേഖലയിലാണ് ബാര്‍ട്ടി പ്രവര്‍ത്തിക്കുക എന്നതിനെ ആശ്രയിച്ചിരിക്കും ഓസ്‌ട്രേലിയക്ക് പുറത്തുള്ള താരത്തിന്റെ പരസ്യ വിപണി. ഈ വര്‍ഷം ഫോബ്‌സ് മസിക പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് 3.9 മില്യണ്‍ യുഎസ് ഡോളറും കോര്‍ട്ടിന് പുറത്ത് 3 മില്യണ്‍ ഡോളറുമാണ് ബാര്‍ട്ടി സമ്പാദിച്ചത്. ടെന്നീസിന്റെ ചരിത്രത്തില്‍ ഏറ്റവും സമ്പന്നയായ വനിതാ താരങ്ങളുടെ പട്ടികയില്‍ പതിനാലാമതാണ് ബാര്‍ട്ടി. ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ എട്ടാമതും.


Related Articles

Next Story

Videos

Share it