ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ മാനേജിംഗ് ഡയറക്റ്റര്‍ അഷ്‌നി ബിയാനി രാജിവെച്ചു

ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തു നിന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കിഷോര്‍ ബിനായിയുടെ മകള്‍ അഷ്‌നി ബിയാനി രാജിവെച്ചു. കമ്പനി ബോര്‍ഡ് രാജി സ്വീകരിച്ചതായി അറിയിച്ചു.

എന്നാല്‍ നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എന്ന നിലയില്‍ ബോര്‍ഡ് അംഗമായി അഷ്‌നി തുടരും.
അതേസമയം കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മേയ് 12ന് സാംസണ്‍ സാമുവലിനെ കമ്പനി നിയമിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങളാലാണ് അഷ്‌നിയുടെ രാജിയെന്നാണ് കമ്പനി പറയുന്നത്. ഈ മാസം തുടക്കത്തില്‍ കമ്പനിയുടെ സ്വതന്ത്ര ഡയറക്റ്ററായിരുന്ന അധിരാജ് ഹരീഷ് ബോര്‍ഡില്‍ നിന്ന് രാജി വെച്ചിരുന്നു.
ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള എഫ്എംസിജി കമ്പനിയാണ് ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഈ കമ്പനി അടക്കം ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള 19 കമ്പനികളെ ഏതാനും മാസം മുമ്പ് റിലയന്‍സ് റീറ്റെയ്ല്‍ 24713 കോടി രൂപയ്ക്ക് സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വായ്പാ ദാതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടന്നില്ല.
ഇതിനു ശേഷം കമ്പനിയുടെ തലപ്പത്തു നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നത് തുടര്‍ന്നു. കഴിഞ്ഞ ആഴ്ച ഫ്യൂച്ചര്‍ റീറ്റെയ്ല്‍ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ബിയാനി കമ്പനി വിട്ടിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിനെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ നടന്നു വരികയാണ്.


Related Articles
Next Story
Videos
Share it