

ആഗോളതലത്തില്‍ നടക്കുന്ന ചെറിയ സംഘര്‍ഷങ്ങള്‍ പോലും ക്രൂഡ് ഓയില്‍ വിപണിയെ പൊള്ളിക്കുകയാണ്. ഇന്ത്യയെ പോലെ ആവശ്യമായ എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഇത് താങ്ങാവുന്നതിലേറെയാണ്. രാജ്യത്ത് എണ്ണ ഖനനം നടത്തി ആവശ്യമുള്ളത്ര ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെയുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിന്റെ വേഗത കൂടിയെന്ന് മാത്രം.
ഇപ്പോഴിതാ ബംഗാളില്‍ നിന്ന് പ്രതീക്ഷ നല്കുന്നൊരു വാര്‍ത്ത വരുന്നു. നോര്‍ത്ത് പർഗനാസ് ജില്ലയിലെ അശോക്‌നഗര്‍ മേഖലയാണ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്ത് മുമ്പ് എണ്ണസാന്നിധ്യം കണ്ടെത്തിയിരുന്നു. എട്ടുവര്‍ഷം മുമ്പായിരുന്നു ഇത്. മമത ബാനര്‍ജി സര്‍ക്കാര്‍ പക്ഷേ എണ്ണഖനനത്തോട് മുഖംതിരിച്ചു നിന്നു. മമത സര്‍ക്കാര്‍ വീണശേഷം അധികാരത്തിലെത്തിയ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഈ പദ്ധതിക്കായി ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്.
2018ലാണ് ഒഎന്‍ജിസി അശോക്നഗറില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന എണ്ണ-വാതക ശേഖരം കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെയും കിഴക്കന്‍ ഇന്ത്യയിലെയും ആദ്യത്തെ എണ്ണ-വാതക ഉല്‍പാദന മേഖലയെന്ന പ്രത്യേകതയും ഇതിനുണ്ട്.
2020ല്‍ അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഈ പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുകയും ബംഗാള്‍ ബേസിനെ ഇന്ത്യയുടെ എട്ടാമത്തെ എണ്ണ-വാതക ഉല്‍പാദന മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവിടുത്തെ എണ്ണ പരീക്ഷണാടിസ്ഥാനത്തില്‍ ഐ.ഒ.സി.യുടെ ഹാല്‍ദിയ റിഫൈനറിയിലേക്ക് അയക്കുകയും ചെയ്തിരുന്നു.
അശോക്നഗര്‍ മേഖലയിലുണ്ടെന്ന് കണക്കാക്കപ്പെടുന്ന മൊത്തം എണ്ണ ശേഖരം 240 മില്യണ്‍ ബാരലിലധികം ആണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ എണ്ണ കൃത്യമായ അളവില്‍ എണ്ണ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചാല്‍ രാജ്യത്തിന്റെ ആഭ്യന്തര എണ്ണ ഉത്പാദനത്തില്‍ വലിയൊരു മുന്നേറ്റം നടത്താന്‍ ഈ മേഖലയ്ക്ക് സാധിക്കും.
പ്രതിദിനം ഏകദേശം ഒരു ലക്ഷം ഘനമീറ്റര്‍ പ്രകൃതി വാതകവും 15 മുതല്‍ 18 ഘനമീറ്റര്‍ വരെ എണ്ണയും ഉല്‍പാദിപ്പിക്കാമെന്നാണ് വിലയിരുത്തല്‍. ഈ പദ്ധതിയിലൂടെ ഏകദേശം 45,000 കോടി രൂപയുടെ ഉത്പാദന മൂല്യമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ റോയല്‍റ്റിയായി മാത്രം പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന് 4,500 കോടി രൂപയോളം ലഭിക്കുമെന്നും കണക്കാക്കപ്പെടുന്നു.
ലൈറ്റ് ക്രൂഡ് വിഭാഗത്തിലുള്ള എണ്ണയാണ് ഇവിടെനിന്ന് കണ്ടെത്തിയത്. ഇന്ത്യയുടെ പ്രമുഖ എണ്ണ സ്രോതസ്സായ ബോംബെ ഹൈ, അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് എന്നിവയോട് കിടപിടിക്കുന്ന മികച്ച ഗുണമേന്മയാണ് ഇതിനുള്ളത്. ഇത്തരത്തിലുള്ള ലൈറ്റ് ക്രൂഡ് എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള ചെലവ് വളരെ കുറവാണെന്നത് വാണിജ്യ സാധ്യത വര്‍ധിപ്പിക്കുന്നു.
2018ല്‍ വലിയ കണ്ടെത്തല്‍ നടന്നിട്ടും വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം ആരംഭിക്കുന്നത് വര്‍ഷങ്ങളോളം വൈകിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, ബംഗ്ലാദേശില്‍ നിന്നും കുടിയേറിയത്തിയവരുടെ പ്രതിഷേധങ്ങള്‍, മമത സര്‍ക്കാരിന്റെ താല്പര്യക്കുറവ് എന്നിവയെല്ലാം പദ്ധതി വൈകാന്‍ കാരണമായി.
തൃണമുല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാറിയതോടെ ഈ പ്രദേശങ്ങളില്‍ നിന്ന് ബംഗ്ലാദേശികള്‍ വന്‍തോതില്‍ മടങ്ങുകയാണ്. പദ്ധതി പുനരാരംഭിച്ചാല്‍ തദ്ദേശീയര്‍ക്ക് വലിയ ഗുണം ലഭിക്കും. 1,000 കോടി രൂപയാണ് ഈ പദ്ധതിക്കായി ഇതുവരെ ഒഎന്‍ജിസി നിക്ഷേപിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ബംഗാളില്‍ നിന്നുള്ള എംപിയായ സമിക് ഭട്ടാചാര്യ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് അശോക്‌നഗര്‍ ഓയില്‍ഫീല്‍ഡ് പദ്ധതി വേഗത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അധികം വൈകാതെ ഇവിടെ നിന്നുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine