ഏഷ്യന്‍ വിപണി തവിടുപൊടി, 2008ന് ശേഷം ഇതാദ്യം, സാമ്പത്തിക മാന്ദ്യം വരുമോ? നിക്ഷേപകര്‍ക്ക് മരുന്ന് കുറിച്ച് ട്രംപ്

പ്രധാന വിപണിയായ യു.എസിലേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയാണ് ഏഷ്യന്‍ വിപണികളില്‍ നിഴലിച്ചത്
market crash
Canva
Published on

തീരുവയുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് സ്വീകരിച്ചതോടെ പ്രധാന ഓഹരി സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലായി. ഏഷ്യന്‍ വിപണികള്‍ നേരിട്ടത് 2008ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്ക കനത്തതും വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമായതുമാണ് വലിയ നഷ്ടത്തിലേക്ക് നയിച്ചത്.

ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരി വിപണികളിലെ പ്രകടനം അളക്കുന്ന എം.എസ്.സി.ഐ ഏഷ്യ പസഫിക്ക് ഇന്‍ഡെക്‌സ് 7.9 ശതമാനം ഇടിഞ്ഞു. ഇതും 2008ന് ശേഷം ആദ്യമാണ്. ചൈനീസ് ഓഹരി വിപണിയെ ഇന്നത്തെ തകര്‍ച്ച സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോംഗ് കോംഗിലെ ഹാംഗ് സെംഗ് ഇന്‍ഡെക്‌സ് 10 ശതമാനത്തോളമാണ് ഇടിഞ്ഞത്. ചൈനയിലെ ബ്ലൂ ചിപ് സി.എസ്.ഐ 300 ഇന്‍ഡെക്‌സ് 7 ശതമാനത്തോളം ഇടിഞ്ഞു. ജപ്പാനിലെ നിക്കി ഇന്‍ഡെക്‌സ് 7.8 ശതമാനവും സൗത്ത് കൊറിയന്‍ വിപണി 5 ശതമാനവും നഷ്ടത്തിലായി. ഏതാണ്ടെല്ലാ ഏഷ്യന്‍ വിപണികളും ഇന്ന് കടുത്ത നഷ്ടത്തിലാണ്. ഷാംഗ്ഹായ് കോംപോസിറ്റ് 7.3 ശതമാനവും തായ്‌വാന്‍ വെയിറ്റഡ് ഇന്‍ഡക്‌സ് 9.7 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്, ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച.

നിക്ഷേപകര്‍ക്ക് മരുന്ന് കുറിച്ച് ട്രംപ്

അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ചില രാജ്യങ്ങള്‍ അധികതീരുവ നല്‍കണമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കം. ഇതിന് മറുപടിയായി ചൈന മറുചുങ്കം പ്രഖ്യാപിച്ചത് കാര്യങ്ങള്‍ വഷളാക്കി. ഇതിനിടയില്‍ യു.എസിലെ വ്യാപാരക്കമ്മി പഴയ പടിയാക്കാതെ ചൈനയുമായി നീക്കുപോക്കിനില്ലെന്നും നിക്ഷേപകര്‍ അവരുടെ 'മെഡിസിന്‍' കരുതണമെന്നും ട്രംപ് പറഞ്ഞതും സ്ഥിതി രൂക്ഷമാക്കിപ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളുണ്ടായില്ലെങ്കില്‍ ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമോയെന്നാണ് എല്ലാവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനം വ്യാപാരത്തെ മാത്രമല്ല ബാധിച്ചതെന്നും എല്ലാ മേഖലയിലും വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

ഏഷ്യന്‍ വിപണിയെ ബാധിച്ചതെന്ത്?

മിക്ക ഏഷ്യന്‍ രാജ്യങ്ങളുടെയും പ്രധാന വിപണിയായ യു.എസിലേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയാണ് ഏഷ്യന്‍ വിപണികളില്‍ നിഴലിച്ചത്. പല പ്രമുഖ യു.എസ് കമ്പനികളുടെയും ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് ചൈനയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ്. യു.എസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്കയും വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു. സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയാല്‍ വീണ്ടും ഏഷ്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ കുറവുണ്ടാകും.

പ്രധാന വിപണികളിലുണ്ടായ നഷ്ടം ശതമാനക്കണക്കില്‍

ഹോങ്കോങ് -13.6%

തായ്വാന്‍ -9.6%

ജപ്പാന്‍ -9.5%

ഇറ്റലി -8.4%

സിംഗപ്പൂര്‍ -8.0%

സ്വീഡന്‍ -7.0%

ചൈന -7.0%

സ്വിറ്റ്‌സര്‍ലന്‍ഡ് -7.0%

ജര്‍മ്മനി -6.8%

സ്‌പെയിന്‍ -6.4%

നെതര്‍ലന്‍ഡ്സ് -6.2%

ഓസ്‌ട്രേലിയ -6.2%

ഫ്രാന്‍സ് -6.1%

യു.കെ. -5.2%

മലേഷ്യ -4.5%

ഫിലിപ്പൈന്‍സ് -4.3%

റഷ്യ -3.8%

സൗദി അറേബ്യ -3.3%

തുര്‍ക്കി -2.8%

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com