

മലയാളത്തില്‍ ന്യൂസ് ചാനലുകളുടെ റേറ്റിംഗില്‍ ഈയാഴ്ച്ചയും മുന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ. 44മത്തെ ആഴ്ചയില്‍ 95 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. ഒരുഘട്ടത്തില്‍ വലിയ വെല്ലുവിളിയുയയര്‍ത്തുമെന്ന് തോന്നിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ 64 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. 47 പോയിന്റുള്ള 24 ന്യൂസ് ആണ് മൂന്നാമത്.
നാലാംസ്ഥാനത്ത് ഈയാഴ്ച വലിയൊരു മാറ്റം സംഭവിച്ചു. മാതൃഭൂമി ന്യൂസിനെ പിന്തള്ളി മനോരമ ന്യൂസ് ഈ സ്ഥാനത്തേക്ക് എത്തി. മാതൃഭൂമി ന്യൂസിന്റെ പോയിന്റ് 34 ആണ്. മനോരമ ന്യൂസിന് 36 പോയിന്റും. നാലാംസ്ഥാനത്തേക്കുള്ള പോരാട്ടം കടുപ്പിച്ച് ന്യൂസ് മലയാളം തൊട്ടുപിന്നാലെയുണ്ട്. കഴിഞ്ഞയാഴ്ച്ചത്തേക്കാള്‍ മൂന്ന് പോയിന്റുകള്‍ വര്‍ധിപ്പിച്ച് 31 പോയിന്റിലാണ് ന്യൂസ് മലയാളം. കേരളത്തിലെ വാര്‍ത്ത ചാനലുകളില്‍ ഏറ്റവും പുതിയതാണ് ന്യൂസ് മലയാളം.
ഏഴാംസ്ഥാനത്ത് ജനംടിവിയും (20 പോയിന്റ്), തൊട്ടുപിന്നാലെ കൈരളി ന്യൂസും (20 പോയിന്റ്), ന്യൂസ്18 കേരളയുമാണ്. 11 പോയിന്റാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാധ്യമ സ്ഥാപനത്തിന് നേടാനായത്.
ന്യൂസ് ചാനലുകള്‍ കാണുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വലിയ സംഭവങ്ങളോ അപകടങ്ങളോ നടക്കുമ്പോഴല്ലാതെ റേറ്റിംഗ് പോയിന്റ് 100 കടക്കാന്‍ ചാനലുകള്‍ക്ക് സാധിക്കുന്നില്ല. വാര്‍ത്തകള്‍ കാണുന്നവരുടെ എണ്ണം കുറയുന്നത് മലയാള വാര്‍ത്ത വ്യവസായത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും.
പത്തിനടുത്ത് മലയാളം ന്യൂസ് ചാനലുകളുള്ള മലയാളത്തില്‍ അടുത്തു തന്നെ പുതിയ ചാനലുകള്‍ വരുന്നുണ്ട്. അതിലൊന്ന് എം5 ന്യൂസ് എന്ന ചാനലാണ്. നോണ്‍ ഫിനാന്‍സ് ബാങ്കിംഗ് രംഗത്തുള്ള പ്രധാന കമ്പനിയാണ് ഈ ചാനലിന്റെ പ്രമോട്ടര്‍മാര്‍. രണ്ടു മാസത്തിനുള്ളില്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേന്ദ്രത്തില്‍ നിന്നുള്ള ലൈസന്‍സ് ഉള്‍പ്പെടെ ലഭിച്ചിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവി 24 മണിക്കൂര്‍ ന്യൂസ് ചാനലാകുന്നതാണ് മറ്റൊന്ന്. ഒരു മാസത്തിനുള്ളില്‍ 24 മണിക്കൂറും വാര്‍ത്തകള്‍ മാത്രം സംപ്രേക്ഷണം ചെയ്യുന്ന രീതിയിലേക്ക് ചാനല്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എന്‍ഡിടിവിയുടെ മലയാളം ന്യൂസ് ചാനലും അടുത്ത വര്‍ഷം പകുതിയോടെ എത്തും.
Read DhanamOnline in English
Subscribe to Dhanam Magazine