

ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ തയ്യാറെടുക്കുന്ന ഉത്തര്‍പ്രദേശിലെ നോയിഡ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നവംബറില്‍ നടക്കും. ഈ വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന നിര്‍മാണ പ്രവൃത്തികള്‍ വൈകിയതോടെയാണ് നവംബറിലേക്ക് ഉദ്ഘാടനം മാറ്റിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍മിക്കുന്ന വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഏതാനും അനുമതികള്‍ കൂടി ലഭിക്കാനുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അവ ലഭ്യമാകുമെന്ന് ഉത്തര്‍പ്രദേശ് വ്യവസായ വികസന മന്ത്രി നന്ദഗോപാല്‍ ഗുപ്ത നന്ദി വ്യക്തമാക്കി. നിര്‍മാണ ജോലികള്‍ 80 ശതമാനം പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വിമാന സര്‍വീസുകള്‍ സെപ്തംബറില്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വ്യക്തമാക്കി. അന്താരാഷ്ട്ര സര്‍വീസുകള്‍ നവംബറില്‍ ആരംഭിക്കും. ഡി.ജി.സി.എയില്‍ നിന്ന് എയ്‌റോഡ്രോം ലൈസന്‍സ്, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയില്‍ നിന്ന് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടി ലഭിക്കാനുണ്ട്. ഈ ഏജന്‍സികളുടെ പരിശോധന നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്.
ഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ നോയിഡക്കടുത്ത് ജേവാറിലാണ് കൂറ്റന്‍ വിമാനത്താവളത്തിന്റെ നിര്‍മാണം നടക്കുന്നത്. നോയിഡയില്‍ നിന്ന് 52 കിലോമീറ്ററും ആഗ്രയില്‍ നിന്ന് 130 കിലോമീറ്ററുമാണ് ദൂരം. ആദ്യഘട്ടത്തില്‍ വര്‍ഷത്തില്‍ 1.2 കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. 2050 ആകുമ്പോഴേക്കും ഏഴ് കോടി യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വിസ്തൃതിയിലും യാത്രക്കാരുടെ എണ്ണത്തിലും നോയിഡ എയര്‍പോര്‍ട്ട് ഏഷ്യയില്‍ ഒന്നാമതാകുമെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യഘട്ടത്തില്‍ 1,334 ഹെക്ടറിലാണ് നിര്‍മാണം നടക്കുന്നത്. ആറ് റണ്‍വേകളാണുള്ളത്. പദ്ധതിക്കായി മൊത്തം 5,000 ഹെക്ടര്‍ സ്ഥലമാണ് ഉപയോഗപ്പെടുത്തുന്നത്.
പൂര്‍ണ സജ്ജമാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ വിമാനത്താവളമാകുമെന്നാണ് സൂചന. ഉത്തര്‍പ്രദേശില്‍ ഇതോടെ അഞ്ച് വിമാനത്താവളങ്ങളാകും. ഡല്‍ഹി-വാരാണസി ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി ബന്ധിപ്പിച്ചാണ് വിമാനത്താവളം നിര്‍മിക്കുന്നത്. മള്‍ട്ടി മോഡല്‍ കാര്‍ഗോ ഹബ് ഇവിടുത്തെ പ്രത്യേകതയാകും. പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാനാകും.
വിപുലമായ കാര്‍ഗോ സംവിധാനങ്ങളോടു കൂടിയ വിമാനത്താവളത്തിന്റെ മൊത്തം നിര്‍മാണ ചെലവ് 34,000 കോടി രൂപയാണ്. ഇതില്‍ 10,000 കോടി രൂപയാണ് ആദ്യഘട്ടത്തിന് നീക്കിവെച്ചിരിക്കുന്നത്. സൂറിച്ച് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജി യാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ബംഗളുരു വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനിയായിരുന്നു ഇത്. നോയിഡ വിമാനത്താവളം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും ഇത് സഹായമാകും.
Read DhanamOnline in English
Subscribe to Dhanam Magazine