ഗള്‍ഫ് ബിസിനസ് വില്‍ക്കാനൊരുങ്ങി ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍
പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗള്‍ഫ് ബിസിനസിസ് വില്‍ക്കാനൊരുങ്ങുന്നു. ഇന്നലെ പുറത്തുവിട്ട നാലാം പാദ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ വില്‍പ്പനയെ കുറിച്ച് സൂചന നല്‍കി.
കമ്പനി പുനഃക്രമീകരിക്കുന്നതിന് 2022 ജൂണില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരെ നിയമിച്ചിരുന്നു. ഗള്‍ഫ് ബിസിനസില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുള്ള കമ്പനികളുമായി വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കേഴ്സ് നടപടികള്‍ കൈക്കൊണ്ടതായും സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയ ഫയലിംഗില്‍ പറയുന്നു
പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഫജര്‍ കാപിറ്റല്‍, ദുബായ് ധനകാര്യ സേവന സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് തുടങ്ങിയ കമ്പനികളെ ബയര്‍മാരായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതായി റോയിട്ടേഴ്‌സ് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേ സമയം ഗള്‍ഫ് ബിസിനസ് പൂര്‍ണമായും വിറ്റഴിക്കുമോ അതോ ഓഹരി വില്‍പ്പന മാത്രമാണോ എന്നത് വ്യക്തമല്ല.
ഗള്‍ഫ് ബിസിനസ്
2022 സാമ്പത്തിക വര്‍ഷത്തില്‍ 8,950 കോടി രൂപയാണ് ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള ആസ്റ്ററിന്റെ വരുമാനം. മൊത്തം വരുമാനത്തിന്റെ 75 ശതമാനം വരുമിത്. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭത്തിന്റെ(EBITDA) 71 ശതമാനവും ഗള്‍ഫ് ബിസിനസില്‍ നിന്നാണ്. യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്‌റിന്‍, ജോര്‍ദാന്‍ എന്നിങ്ങനെ ഗള്‍ഫ് രാജ്യങ്ങളിലുടനീളമായി 15 ആശുപത്രികളും 115 ക്ലിനിക്കുകളും 264 ഫാര്‍മസികളും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിനുണ്ട്.
അതേസമയം, വില്‍പ്പന വാര്‍ത്തകള്‍ക്കിടയിലും കഴിഞ്ഞ മാര്‍ച്ചില്‍ ഡോ.ആസാദ് മൂപ്പന്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിലെ ഓഹരി വിഹിതം ഉയര്‍ത്തിയിരുന്നു. സ്വകാര്യ ഓഹരി നിക്ഷേപകനില്‍ നിന്ന് 460 കോടി രൂപയ്ക്കാണ് നാല് ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കിയത്. നിലവില്‍ 41.88 ശതമാനം ഓഹരികളാണ് ഡോ.ആസാദ് മൂപ്പന്റെ കുടുംബത്തിന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിലുള്ളത്. ഇന്നത്തെ ഓഹരി ക്ലോസിംഗ് അനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 13,512 കോടി രൂപയാണ്. നിക്ഷേപകര്‍ക്ക് കൂടുതല്‍ മൂല്യം ഉറപ്പു വരുത്താന്‍ കൂടിയാണ് കമ്പനി പുന:സംഘടിപ്പിക്കുന്നതെന്ന് ആസ്റ്റര്‍ വ്യക്തമാക്കുന്നു.