

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍ രണ്ടാം പാദഫലം പുറത്തുവിട്ടു. ഈ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 1,197 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ പത്ത് ശതമാനം വര്‍ധന. കമ്പനിയുടെ പ്രവര്‍ത്തന ലാഭവും (ഓപ്പറേറ്റിംഗ് എബിറ്റ്ഡ) കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം വര്‍ധിച്ച് 263 കോടി രൂപയിലെത്തി.
ലാഭം മുന്‍വര്‍ഷം സമാനപാദത്തിലെ 106 കോടി രൂപയില്‍ നിന്ന് 121 കോടി രൂപയായി ഉയര്‍ന്നു. ജൂണില്‍ അവസാനിച്ച ആദ്യപാദത്തിലെ ലാഭം 94 കോടി രൂപയായിരുന്നു. ആസ്റ്ററിന്റെ കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള വരുമാനവും വര്‍ധിച്ചു. 620 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. ഇത് മുന്‍ പാദത്തേക്കാള്‍ 12 ശതമാനം കൂടുതലാണ്. ഇന്‍പേഷ്യന്റ് വോളിയത്തില്‍ 13 ശതമാനവും മെഡിക്കല്‍ വാല്യൂ ട്രാവല്‍ വരുമാനത്തില്‍ 67 ശതമാനവും വര്‍ധനവുണ്ടായതാണ് ഈ വളര്‍ച്ചക്ക് കാരണം.
കേരളത്തിന്റെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധിച്ചു. മാര്‍ജിനുകള്‍ ഒരു വര്‍ഷം മുന്‍പുള്ള 25 ശതമാനത്തില്‍ നിന്ന് 26.8 ശതമാനമായി ഉയര്‍ന്നു. പ്രവര്‍ത്തന മികവിലും, സേവനത്തിലും ആസ്റ്റര്‍ പുലര്‍ത്തുന്ന അചഞ്ചലമായ സൂക്ഷ്മതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സാമ്പത്തിക ഫലമെന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 264 കിടക്കകളുള്ള ആസ്റ്റര്‍ കാസര്‍ഗോഡ് ആശുപത്രിയുടെ വരവോടെ ഈ മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കിടക്കകള്‍ ഉപയോഗിക്കുന്നതിന്റെ തോത് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ 59 ശതമാനത്തില്‍ നിന്ന് രണ്ടാം പാദത്തില്‍ 64 ശതമാനമായി മെച്ചപ്പെട്ടു. എം.വി.ടി. വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനവും, മുന്‍ പാദത്തേക്കാള്‍ 60 ശതമാനവും വര്‍ധിച്ചു. ഓങ്കോളജി വിഭാഗത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനമായി കൂടി. ഇത് മൊത്തം വരുമാനത്തിന്റെ 11 ശതമാനമാണ്.
കമ്പനിയുടെ രോഗനിര്‍ണയ സേവനവിഭാഗമായ ആസ്റ്റര്‍ ലാബ്‌സ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം മികച്ച വളര്‍ച്ച രേഖപ്പെടുത്തി. പ്രവര്‍ത്തന ലാഭം 86 ശതമാനം വര്‍ധിച്ചു. 17.8 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ 11 ശതമാനത്തിനും, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ 7.6 ശതമാനത്തേക്കാളും കൂടുതലാണ്. പ്രവര്‍ത്തനക്ഷമതയും ബിസിനസ് വ്യാപനവും ഈ നേട്ടത്തിന് കാരണമായി.
Read DhanamOnline in English
Subscribe to Dhanam Magazine