

പ്രമുഖ പ്രവാസി മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി. ബ്ലാക്‌സ്റ്റോണ്‍ (Blackstone) എന്ന യു.എസ് നിക്ഷേപക സ്ഥാപനത്തിന് സിംഹഭാഗം ഓഹരികളുള്ള ക്വാളിറ്റി കെയറുമായിട്ടാണ് (quality care india limited) ആസ്റ്റര്‍ ലയിച്ചത്. അംഗീകാരം ലഭിച്ചതോടെ ഇനി മുതല്‍ ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ എന്ന പേരില്‍ അറിയപ്പെടും.
ഇരു ഹോസ്പിറ്റലുകളുടേയും 5,000 കിടക്കകള്‍ വീതം കൂട്ടിച്ചേര്‍ക്കപ്പെടുന്നതോടെ 10,000 കിടക്കുകള്‍പുതിയ ശൃംഖലയിലുണ്ടാകും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രി ശൃംഖലയായി പുതിയ സംരംഭം മാറും.
ലയനത്തോടെ കമ്പനിയുടെ ഓഹരി ഘടനയില്‍ അടക്കം മാറ്റമുണ്ടാകും. ബ്ലാക്‌സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ബി.സി.പി ഏഷ്യ, മൊറീഷ്യസ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നീ നിക്ഷേപകര്‍ക്ക് ന്യൂനപക്ഷ ഓഹരി പങ്കാളിത്തം ലഭിക്കും. ഇതില്‍ മൊറീഷ്യസ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ ഓഹരി സാന്നിധ്യം 10 ശതമാനത്തില്‍ താഴെയാകും. ഇവര്‍ക്ക് പുതിയ കമ്പനിയില്‍ നിയന്ത്രണാവകാശം ഉണ്ടാകില്ല.
ലയനവാര്‍ത്ത പുറത്തുവന്നത് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കി. ഒരുഘട്ടത്തില്‍ മൂന്ന് ശതമാനത്തിനടുത്ത് ഇന്ന് ഈ ഓഹരികള്‍ ഉയര്‍ന്നു. 24,800 കോടിയിലധികം വിപണി മൂല്യമുള്ള കമ്പനിയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 1,050 കോടി രൂപയായിരുന്നു വരുമാനം.
ലാഭം 64 കോടി രൂപയും. മുന്‍വര്‍ഷം സമാനപാദത്തിലെ 209 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും വരുമാനം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ലയനവുമായി ബന്ധപ്പെട്ട 23.72 കോടി രൂപയുടെ ആവര്‍ത്തനേതര ചെലവ് വന്നതാണ് ലാഭത്തെ ബാധിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine