ആസ്റ്ററിലെ നിക്ഷേപം വിറ്റൊഴിയാന്‍ വിദേശ നിക്ഷേപകര്‍

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ഇന്ത്യാ വിഭാഗത്തിലെ നിക്ഷേപം വിറ്റൊഴിയാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നീക്കം. 30 ശതമാനത്തോളം ഓഹരി പങ്കാളിത്തമാണ് കമ്പനിയില്‍ ഇവയ്ക്കുള്ളത്. ഏകദേശം 30 കോടി ഡോളര്‍ (2,480 കോടി രൂപ) മതിക്കുന്ന ഓഹരികളാണിവ. പ്രൈവറ്റ് ഇന്‍വെസ്റ്റ് സ്ഥാപനമായ ഒളിമ്പസ് കാപ്പിറ്റല്‍, മൗറീഷ്യസ് ആസ്ഥാനമായ റിംകോ എന്നിവയാണ് ആസ്റ്ററിലെ നിക്ഷേപം വില്‍ക്കാന്‍ ശ്രമിക്കുന്നത്.

ഈ ഓഹരികള്‍ ഏറ്റെടുക്കാനായി പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ കെ.കെ.ആര്‍, മാക്സ് ഹെല്‍ത്ത്കെയര്‍ എന്നിവയെ ആസ്റ്റര്‍ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. ഓഹരി വില്‍പ്പന ഇടപാടുകളുടെ നിയന്ത്രണം ന്യൂയോര്‍ക്ക് ആസ്ഥാനമായ മോവലിസ് ആന്‍ഡ് കമ്പനിയെ ഏല്‍പ്പിച്ചിട്ടുമുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം 2022-23 സാമ്പത്തിക ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനു നല്‍കിയ ഫയലിംഗില്‍ ഗ്രൂപ്പിന്റെ ഗള്‍ഫ് ബിസിനസ് വിറ്റഴിക്കുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു.

ആതുരസേവനരംഗത്ത് ഗള്‍ഫിലും ഇന്ത്യയിലും സജീവസാന്നിധ്യമായ ആസ്റ്റര്‍ ഹെല്‍ത്ത് കെയറിന് ഇരു മേഖലകളിലുമായി 32 ആശുപത്രികള്‍, 127 ക്ലിനിക്കുകള്‍, 521 ഫാര്‍മസികള്‍ എന്നിവയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയറിന്റെ വരുമാനത്തില്‍ 17 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

Related Articles
Next Story
Videos
Share it