

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികള്‍ പൂര്‍ത്തിയായതോടെ പുതിയ സംയുക്ത സംരംഭം നിലവില്‍ വന്നു. 'ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ്' എന്ന പുതിയ ബ്രാന്‍ഡിലാകും ആശുപത്രി ശൃംഖല പ്രവര്‍ത്തിക്കുക. ലയനത്തോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, കെയര്‍ ഹോസ്പിറ്റല്‍സ്, എവര്‍കെയര്‍, കിംസ്‌ഹെല്‍ത്ത് എന്നീ നാല് പ്രമുഖ ബ്രാന്‍ഡുകള്‍ ഒരൊറ്റ കുടക്കീഴിലായി.
പുതിയ സംയുക്ത സംരംഭത്തിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ഡോ. ആസാദ് മൂപ്പന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വരുണ്‍ ഖന്നയെ മാനേജിംഗ് ഡയറക്ടറായും ഗ്രൂപ്പ് സിഇഒയായും നിയമിച്ചു.
നിലവില്‍ ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലുമാണ് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന് ശക്തമായ സാന്നിധ്യമുള്ളത്. മെട്രോ നഗരങ്ങള്‍ക്ക് പുറത്തേക്ക് സാന്നിധ്യം വിപുലമാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു.
വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിദഗ്ദ്ധ സേവനങ്ങള്‍ ലഭ്യമാക്കുക, അത്യാധുനിക സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുക, പ്രാദേശിക മെഡിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കുക എന്നിവയിലൂടെ രോഗികള്‍ക്ക് വീട്ടുപടിക്കല്‍ മികച്ച ചികിത്സ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
28 നഗരങ്ങളിലായി 39 ആശുപത്രികളും 10,600ലധികം കിടക്കകളുമുള്ള ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന് നാഗ്പൂര്‍, ഔറംഗാബാദ്, വിജയവാഡ, ഗുണ്ടൂര്‍, ഭുവനേശ്വര്‍, റായ്പൂര്‍, നാഗര്‍കോവില്‍, കോലാപ്പൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടക്കല്‍ എന്നീ സ്ഥലങ്ങളില്‍ സാന്നിധ്യമുണ്ട്.
വരും വര്‍ഷങ്ങളില്‍ മൊത്തം കിടക്കകളുടെ എണ്ണം 15,000ത്തിലധികമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 45,000ത്തിലധികം ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ ഭാഗമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine