

തലയിലെയും കഴുത്തിലെയും അര്‍ബുദങ്ങളുടെ ചികിത്സയ്ക്കായി കേരളത്തിലെ ആദ്യത്തെ സംയോജിത ശൃംഖല രൂപീകരിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് രാജ്യത്ത് സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാന്‍സര്‍ പരിചരണ ശൃംഖല കൂടിയാണ് ആസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്‌വര്‍ക്ക് കേരള ക്ലസ്റ്റര്‍.
ആസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്‌വര്‍ക്ക് പ്രോഗ്രാം ഡയറക്ടറും ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഷോണ്‍ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ പദ്ധതി.
'ഹബ്-ആന്‍ഡ്-സ്‌പോക്ക്' മാതൃകയിലാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുക. രോഗികള്‍ക്ക് അവര്‍ താമസിക്കുന്നയിടത്ത് നിന്നും ഏറ്റവും അടുത്തുള്ള ആസ്റ്റര്‍ ആശുപത്രികളില്‍ നിന്നുതന്നെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ചികിത്സയും തുടര്‍ചികിത്സയും ലഭിക്കുമെന്നതാണ് പ്രത്യേകത.
ലോകോത്തര നിലവാരമുള്ളതും ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ കാന്‍സര്‍ പരിചരണം കേരളത്തിലെ ഓരോ രോഗിക്കും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ഷോണ്‍ ടി. ജോസഫ് പറഞ്ഞു. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം, പ്രാദേശികതലത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്യാധുനിക സാങ്കേതികവിദ്യയും കേരളത്തില്‍ ആസ്റ്ററിനുള്ള വലിയ ആശുപത്രി നെറ്റ്‌വര്‍ക്കുമാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു. തല, കഴുത്ത് എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന എല്ലാത്തരം അര്‍ബുദത്തിനും ഈ ശൃംഖലയില്‍ ചികിത്സയുണ്ടാകും.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമുള്ള തുക ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ചെയ്തുനല്‍കുമെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദര്‍ അറിയിച്ചു.
കൊച്ചിയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് ഖാദര്‍, ആസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്‌വര്‍ക്ക് പ്രോഗ്രാം ഡയറക്ടറും ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഷോണ്‍ ടി. ജോസഫ്, ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ വാരിയര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine