

രാജ്യത്തുടനീളമുള്ള ക്യാന്‍സര്‍ രോഗവിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ആസ്റ്റര്‍ ക്വാളിറ്റി കെയര്‍ ക്യാന്‍സര്‍ കോണ്‍ക്ലേവ് ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറിലധികം പ്രമുഖ ദേശീയ ഫാക്കല്‍റ്റി അംഗങ്ങളും പ്രതിനിധികളും ഭാഗമാകും.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ക്യാന്‍സര്‍ പ്രതിരോധം, പ്രിസിഷന്‍ ഓങ്കോളജി, മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക്‌സ്, സര്‍ജിക്കല്‍, മെഡിക്കല്‍, റേഡിയേഷന്‍ ഓങ്കോളജി, ഹെമറ്റോളജിക് മലിഗ്‌നന്‍സികള്‍, ഇമ്യൂണോതെറാപ്പി, റിസര്‍ച്ച്, പാലിയേറ്റീവ് കെയര്‍, മള്‍ട്ടിഡിസിപ്ലിനറി ക്യാന്‍സര്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ നൂതന മുന്നേറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന അറുപതിലധികം അക്കാദമിക് സെഷനുകള്‍ ഉണ്ടായിരിക്കും. വിദഗ്ധ പാനല്‍ ചര്‍ച്ചകള്‍, കേസ് അധിഷ്ഠിത സംവാദങ്ങള്‍, ക്ലിനിക്കല്‍ ഗവേഷണ അവതരണങ്ങള്‍ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ക്യാന്‍സര്‍ പരിചരണ രംഗത്ത് പുത്തന്‍ ആശയങ്ങള്‍ പങ്കുവെക്കാനും നവീകരണങ്ങള്‍ കൊണ്ടുവരാനും, അതിലൂടെ രോഗികളുടെ പരിചരണവും ചികിത്സാഫലവും മെച്ചപ്പെടുത്താനുമായി വിദഗ്ധരെ ഒന്നിപ്പിക്കുകയാണ് ഈ കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ ഓങ്കോളജിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. അരുണ്‍ ആര്‍. വാര്യര്‍ പറഞ്ഞു.
ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ലീഡും സര്‍ജിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജെം കളത്തില്‍, ആസ്റ്റര്‍ മെഡ്സിറ്റി പാലിയേറ്റീവ് മെഡിസിന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. വിനീത റിജ്ജു, ഓങ്കോളജി വിഭാഗം സീനിയര്‍ കൗണ്‍സിലര്‍ സാജന്‍ ഫിലിപ്പ് എന്നിവരും എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine