യു.എ.ഇയില്‍ 30-40 പ്രായക്കാരില്‍ ഹൃദയാഘാതം വര്‍ധിക്കുന്നു

യു.എ.ഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 30 വയസിന്റെ തുടക്കത്തില്‍ തന്നെ അല്ലെങ്കില്‍ 30-40 വയസിനിടയില്‍ പലരും ഹൃദ്രോഗികളായി മാറുന്നതായി എമിറേറ്റ്‌സ് കാര്‍ഡിയാക് സൊസൈറ്റി (ഇ.സി.എസ്) പ്രസിഡന്റ് ഡോ.ജുവൈരിയ അല്‍ അലി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.എ.ഇയില്‍ 50 വയസില്‍ താഴെയുളളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അപൂര്‍വമായിരുന്നു. എന്നാല്‍ ഇന്ന് യു.എ.ഇയില്‍ ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

10,000 ചെറുപ്പക്കാരില്‍ 70-80 പേര്‍

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ 10,000 ചെറുപ്പക്കാരില്‍ 70-80 പേര്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞതായി യു.എ.ഇയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന പൗരന്മാരില്‍ 40% ആളുകള്‍ക്ക് ഹൃദ്രോഗം വരാനുളള സാധ്യത കൂടുതലാണ്. ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന കൊറോണറി ഹൃദ്രോഗങ്ങള്‍ യു.എ.ഇയില്‍ പലരിലും ഉണ്ടാകാറുള്ളതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാകുമ്പോഴാണ് പലരും രോഗത്തെ കുറിച്ച് അറിയുന്നതും വേണ്ട പ്രാധാന്യം നല്‍കി ചികിത്സിക്കുന്നതെന്നും ഡോ. ജുവൈരിയ അല്‍ അലി കൂട്ടിച്ചേര്‍ത്തു. യു.എ.ഇയില്‍ ഹൃദയാഘാതത്തിന്റെ നിരക്ക് വര്‍ധിക്കുന്നതിനൊപ്പം പ്രമേഹത്തിന്റെ നിരക്കും ആഗോള നിരക്കിനെ അപേക്ഷിച്ച് കൂടിവരികയാണെന്ന് ഡോ. ആല്‍ബര്‍ട്ട് അല്‍അഹ്‌മര്‍ പറഞ്ഞു.

കാരണങ്ങളേറെ

പുകവലി, ചിട്ടയായ വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഭക്ഷണക്രമം, കഠിനമായ തൊഴില്‍-കുടുംബ സാഹചര്യങ്ങള്‍ എന്നിവ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും ഈ അപകട ഘടകങ്ങളില്‍ പലതും തടയാനോ നിയന്ത്രിക്കാനോ കഴിയുന്നതാണെന്നും നൊവാര്‍ട്ടിസ് ഗള്‍ഫിലെ ഇന്നോവേറ്റീവ് മെഡിസിന്‍സ് മേധാവി മുഹമ്മദ് എസ് എല്‍ഡിന്‍ വ്യക്തമാക്കി. ജീവിതശൈലിയിലെ മാറ്റങ്ങള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ഉചിതമായ ചികിത്സ എന്നിവ കൊണ്ട് ഇവ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Videos
Share it