ആകാശ യാത്ര ചെലവേറുന്നു: ടിക്കറ്റ് വര്‍ധനയില്‍ വട്ടംചുറ്റി പ്രവാസികള്‍; സഞ്ചാരികളുടെ വരവിനെയും ബാധിച്ചേക്കും

യാത്രക്കാരുടെ എണ്ണത്തില്‍ വ്യത്യാസം വരുമ്പോള്‍ വിമാനക്കമ്പനികള്‍ നേരിട്ടുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു
ആകാശ യാത്ര ചെലവേറുന്നു: ടിക്കറ്റ് വര്‍ധനയില്‍ വട്ടംചുറ്റി പ്രവാസികള്‍; സഞ്ചാരികളുടെ വരവിനെയും ബാധിച്ചേക്കും
Published on: 

ഉത്സവകാലവും വര്‍ഷാന്ത്യ അവധികളും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ആകാശയാത്രകള്‍ക്ക് വീണ്ടും വന്‍ തിരിച്ചടി. വിമാന ഇന്ധനമായ എടിഎഫ് വിലയില്‍ ഉണ്ടായ കുതിച്ചുചാട്ടവും ടിക്കറ്റ് നിരക്കിലെ വന്‍ വര്‍ധനവും പ്രവാസി മലയാളികളെയും സാധാരണ യാത്രക്കാരെയും ഒരുപോലെ വലയ്ക്കുകയാണ്.

പൊതുമേഖല എണ്ണക്കമ്പനികള്‍ വിമാന ഇന്ധന വില ഒറ്റയടിക്ക് ലിറ്ററിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 121 രൂപയുണ്ടായിരുന്ന എടിഎഫ് വില 137 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസങ്ങളിലും ഇന്ധനവിലയില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായിരുന്നു. വിമാനക്കമ്പനികളുടെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 40 മുതല്‍ 60 ശതമാനം വരെയും വരുന്നത് ഇന്ധനച്ചെലവിലാണ്. ഇതോടെ വിലക്കയറ്റത്തിന്റെ ഭാരം മുഴുവന്‍ ടിക്കറ്റ് നിരക്കില്‍ ഈടാക്കാന്‍ എയര്‍ലൈനുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

പ്രവാസികള്‍ക്കും ഉത്സവകാല യാത്രക്കാര്‍ക്കും ഇരുട്ടടി

വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 68 ശതമാനം വരെയാണ് പ്രധാന റൂട്ടുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഡല്‍ഹി-കൊച്ചി ഉള്‍പ്പെടെയുള്ള പ്രധാന റൂട്ടുകളില്‍ സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലെ ശരാശരി നിരക്ക് 14,000-16,000 രൂപയാണ്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയും രൂപയുടെ മൂല്യത്തകര്‍ച്ചയും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാന്‍ കാരണമായിട്ടുണ്ട്.

കൊച്ചി-ദുബായ് റൂട്ടില്‍ ഇരുവശത്തേക്കുമുള്ള ശരാശരി ടിക്കറ്റ് നിരക്ക് 35,000 രൂപയായി. മലേഷ്യ, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രാനിരക്കുകളില്‍ 40% വര്‍ധനയുമുണ്ട്. ഡിസംബറില്‍ കേരളത്തില്‍ നിന്ന് കശ്മീരിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 45,000 ആണ്. വിദേശയാത്രയ്‌ക്കൊപ്പം ആഭ്യന്തര വിനോദയാത്രയ്ക്കും ചെലവേറുന്നത് അവധിക്കാല യാത്രകള്‍ ആസൂത്രണം ചെയ്യുന്നവരുടെ ബജറ്റിനെ ബാധിക്കും.

നേരിട്ടുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും

യാത്രക്കാരുടെ എണ്ണത്തില്‍ വ്യത്യാസം വരുമ്പോള്‍ വിമാനക്കമ്പനികള്‍ നേരിട്ടുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ചില റൂട്ടുകളിലെ ഡയറക്ട് സര്‍വീസുകള്‍ക്ക് പകരം മറ്റ് നഗരങ്ങള്‍ വഴി കണക്റ്റിംഗ് ഫ്‌ലൈറ്റുകള്‍ ക്രമീകരിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായേക്കാം.

യാത്രക്കാരെ മാത്രമല്ല, എയര്‍ കാര്‍ഗോ വഴിയുള്ള കയറ്റുമതിയെയും ഈ വിലക്കയറ്റം ഗുരുതരമായി ബാധിക്കും. കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും വലിയ തോതില്‍ കയറ്റി അയക്കുന്ന നേന്ത്രപ്പഴം, പച്ചക്കറികള്‍ തുടങ്ങിയ പെട്ടെന്ന് കേടാകുന്ന ഉല്‍പന്നങ്ങളുടെ (Perishables) ചരക്കുകൂലി വര്‍ധിക്കുന്നത് കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും തിരിച്ചടിയാകും. അന്താരാഷ്ട്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ മത്സരശേഷിയെയും ഇത് പ്രതികൂലമായി ബാധിക്കും.

ഇന്ധന സര്‍ച്ചാര്‍ജ് ഉയര്‍ത്തി ഇന്‍ഡിഗോ

ഇന്‍ഡിഗോ ഒക്ടോബര്‍ ഒക്ടോബര്‍ ആറുമുതല്‍ ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ ഇന്ധന സര്‍ച്ചാര്‍ജ് വര്‍ധിപ്പിച്ചു. ആഭ്യന്തര യാത്രയില്‍ ദൂരം അനുസരിച്ച് 375 മുതല്‍ 1,300 രൂപ വരെ അധികമായി ഈടാക്കും, 500 കിലോമീറ്റര്‍ വരെ 375 രൂപയും 500 മുതല്‍ ആയിരം കിലോമീറ്റര്‍ വരെ 600 രൂപയും 1,000 മുതല്‍ 1,500 കിലോമീറ്റര്‍ വരെ 900 രൂപയും നല്‍കണം. 2,000 വരെ കിലോമീറ്ററിന് 1,150 രൂപയും അതിന് മുകളില്‍ 1,300 രൂപയുമാണ് ചാര്‍ജ്.

Rising aviation turbine fuel prices and higher fuel surcharges are making domestic and international air travel costlier for Kerala travellers and expatriates

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com