ജൂലൈയില്‍ ഇ.വി ഇരുചക്ര വാഹന വില്പനയില്‍ 'തിരിച്ചിറക്കം', ടി.വി.എസ് മുതല്‍ ഓല വരെ വീണപ്പോള്‍ കുതിച്ചുകയറി ഏഥര്‍ എനര്‍ജി

ചൈനയില്‍ നിന്നുള്ള റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ വരവ് നിലയ്ക്കുന്നത് ഇ.വി വിപണിയെ ബാധിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് പുതിയ കണക്കുകളും പുറത്തു വന്നത്
bajaj chethak , tvs iqube ev, ola s1 pro in single frame
image credit : canva , Ola , Bajaj , TVS
Published on

ഇരുചക്ര വാഹന വൈദ്യുത വാഹന വിപണിക്ക് തിരിച്ചടിയായി ജൂലൈ വില്പന. പ്രമുഖ ഇ.വി നിര്‍മാതാക്കള്‍ക്കെല്ലാം വില്പന താഴ്ന്നപ്പോള്‍ ഏഥര്‍ എനര്‍ജിക്ക് വളര്‍ച്ച നേടാന്‍ സാധിച്ചു. ചൈനയില്‍ നിന്നുള്ള റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ വരവ് നിലയ്ക്കുന്നത് ഇ.വി വിപണിയെ ബാധിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് പുതിയ കണക്കുകളും പുറത്തു വന്നത്. ഇ.വി വില്പനയില്‍ ജൂണിനെ അപേക്ഷിച്ച് 21.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വൈദ്യുത ഇരുചക്ര വാഹന വില്പനയില്‍ ഒന്നാം സ്ഥാനത്തുള്ള ടി.വി.എസിന്റെ വില്പനയില്‍ മൂന്നു ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 വരെയുള്ള കണക്കനുസരിച്ച് ജൂണിലെ 25 ശതമാനത്തില്‍ നിന്ന് 22 ശതമാനത്തിലേക്ക് വിപണി വിഹിതം താഴ്ന്നു.

ക്ഷീണമേറെ ഓലയ്ക്ക്

രണ്ടാംസ്ഥാനത്തുള്ള ബജാജിനും ക്ഷീണം സംഭവിച്ചിട്ടുണ്ട്. വില്പനയിലും വിപണി വിഹിതത്തിലും ഈ മാസം കുറവു വന്നു. 22.8 ശതമാനം വിപണി വിഹിതത്തില്‍ നിന്ന് 21.1 ശതമാനമായിട്ടാണ് കുറഞ്ഞത്. ബജാജിന്റെ ചേതക് മോഡല്‍ രാജ്യവ്യാപകമായി മികച്ച അഭിപ്രായം നേടിയിരുന്നു.

തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്ന ഓല ഇലക്ട്രിക്കിനാണ് വലിയ തിരിച്ചടി നേരിട്ടത്. 19.9 ശതമാനം വിപണി വിഹിതത്തില്‍ നിന്ന് 17.2 ശതമാനമായി താഴ്ന്നു. ജൂണ്‍ പാദത്തില്‍ വില്പനയിലും വരുമാനത്തിലും വലിയ കുറവാണ് ഓല രേഖപ്പെടുത്തിയത്. മോഡലുകളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതും വിവിധ സംസ്ഥാനങ്ങളില്‍ വില്പനയുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഓലയുടെ പ്രതിച്ഛായയെ ബാധിച്ചു.

ഏഥറിന്റെ കുതിച്ചു ചാട്ടം

മേയ് മാസത്തില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഥര്‍ എനര്‍ജി തങ്ങളുടെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനാണ് ജൂലൈ സാക്ഷ്യം വഹിക്കുന്നത്. ജൂണിലെ 14.4 ശതമാനത്തില്‍ നിന്ന് 16.5 ശതമാനത്തിലേക്ക് വളരാന്‍ ഏതറിന് സാധിച്ചു.

ജൂലൈ 27 വരെ 13,187 യൂണിറ്റുകളാണ് ഏഥര്‍ വിറ്റത്. ഓലയും ഏഥറും തമ്മിലുള്ള സമാന കാലത്തെ വ്യത്യാസം വെറും 526 യൂണിറ്റുകള്‍ മാത്രമാണ്. ജൂണില്‍ ഏഥറിനേക്കാള്‍ 5,000 യൂണിറ്റുകള്‍ ഓല വിറ്റിരുന്നു. ഇ.വി വിപണിയില്‍ മത്സരം കടുക്കുന്നുവെന്ന സൂചനയാണ് ഏതറിന്റെ മുന്നേറ്റം നല്കുന്നത്.

ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തില്‍ റിസ്ത എന്ന മോഡലാണ് ഏഥറിന്റെ കുതിപ്പിന് വഴിമരുന്നിടുന്നത്. ഇ.വി ആരാധകരുടെ മനസിലേക്ക് കടന്നുകയറാന്‍ റിസ്തയുടെ വ്യത്യസ്ത മോഡലുകള്‍ക്ക് സാധിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ ഏതര്‍ വിപണി വിഹിതത്തില്‍ ആദ്യ മൂന്നിലെത്താനുള്ള സാധ്യതയാണുള്ളത്.

ചൈനയില്‍ നിന്നുള്ള അപൂര്‍വ മൂലകങ്ങളുടെ ലഭ്യതക്കുറവ് ഇ.വി വാഹന വില്പനയെ ഓഗസ്റ്റില്‍ പിന്നോട്ടടിക്കുമെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com