ഒരു പഴയ നോക്കിയ സെറ്റ് കിട്ടിയാല്‍ കൊള്ളാം, ചൈനയിലേക്ക് ഒളിമ്പിക്‌സിന് പോവുന്ന താരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശം ഇതാണ്

ശൈത്യകാല ഒളിമ്പിക്‌സിന് ആതിഥ്യമരുളാന്‍ തയ്യാറെടുക്കുകയാണ് ചൈന. ഫെബ്രുവരി 4 മുതല്‍ 20 വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത്. ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ അത്‌ലറ്റിക് താരങ്ങള്‍ക്കൊപ്പം നയതന്ത്ര പ്രതിനിധികളെ അയക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.ചൈനയിലെത്തുന്ന അത്‌ലറ്റുകള്‍ സര്‍ക്കാരിന്റെ കടുത്ത നിരീക്ഷണത്തിലായിരിക്കും എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒളിമ്പിക് വേദികളില്‍ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശൈത്യകാല ഒളിമ്പിക്‌സിനെത്തുന്ന താരങ്ങള്‍ക്കായി ഇന്റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള ചൈന ചില ഇളവുകല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ് ഉള്‍പ്പടെയുള്ളവ ഒളിമ്പിക് വേദികളിലും താരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളിലും ഉപയോഗിക്കാനാവും എന്നാണ് ചൈന അറിയിച്ചത്.
എന്നാല്‍ ചൈനയിലെ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കരുതെന്ന് ഓസ്‌ട്രേലിയ, ബല്‍ജിയം, കാനഡ, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിനിധികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ നിരീക്ഷിക്കാന്‍ ചൈന ഈ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തുമെന്നാണ് ആശങ്ക. സാധ്യമെങ്കില്‍ ഉപയോഗ ശേഷം നശിപ്പിക്കാവുന്ന ഫോണുകള്‍ കരുതാനാണ് നിര്‍ദ്ദേശം. ഒളിമ്പിക്‌സ് അവസാനിച്ച് രാജ്യം വിട്ടാലും, ചൈനീസ് മാല്‍വെയറുകള്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുമെന്ന ഭയമാണ് പലരും പങ്കുവെക്കുന്നത്. ഒരു പഴയ ഫോണ്‍ കൈയ്യില്‍ കരുതണമെന്നും താരങ്ങള്‍ അവരുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ഫെലോ ആയ ലാറി ഡൈമണ്‍ഡ് പറഞ്ഞു. എന്നാല്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ചൈനയുടെ നിലപാട്.


Related Articles
Next Story
Videos
Share it